ഉമ്മൻചാണ്ടി കേരളം കണ്ട മികച്ച ജനകീയ നേതാവ് : ഗവർണർ

കോട്ടയം: ദയയും സഹാനുഭൂതിയും ഉൾക്കൊണ്ട നേതാവായിരുന്ന ഉമ്മൻചാണ്ടി കേരളം സംഭാവന ചെയ്ത ഏറ്റവും മികച്ച പൊതുപ്രവർത്തകനായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയങ്കണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം കണ്ട ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയെന്ന പുണ്യാത്മാവിന്റെ പാവന സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നുവെന്ന ആമുഖത്തോടെയാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.ജീവിതം മുഴുവൻ ഉമ്മൻചാണ്ടി ചെയ്ത ജനോപകാര പ്രവർത്തനങ്ങൾ ദൈവത്തിനുള്ള സേവനമെന്ന നിലയിലാണ് കാണേണ്ടത്. പരാതിയുമായി ആർക്കും അദ്ദേഹത്തിന് മുമ്പിൽ എപ്പോഴും എത്താമായിരുന്നു. പൊതുപ്രവർത്തകർ അഭിമാനത്തോടെ പറയേണ്ട പേരാണ് ഉമ്മൻ ചാണ്ടി. ഫൗണ്ടേഷൻ കുട്ടികൾക്ക് നൽകുന്ന സ്‌കോളർഷിപ്പുകളുടെ വിതരണോദ്ഘാടനവും ഒ.സി സ്‌പോർട്സ് അരീനയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ പ്രഭാഷണം നടത്തി.ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ അദ്ധ്യക്ഷത വഹിച്ചു. സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ, ശശി തരൂർ എം.പി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി മോക്ഷവ്രതാനന്ദ, ജില്ലാ പഞ്ചായത്തംഗം രാധാ വി നായർ, എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.


Source link
Exit mobile version