KERALAMLATEST NEWS

അപകടത്തിൽപ്പെട്ട മലയാളി ലോറി ഡ്രൈവറെക്കുറിച്ച് നാലുദിവസമായി വിവരമില്ല, ജിപിഎസ് സിഗ്നലിൽ ലോറി മണ്ണിനടിയിൽ

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലുണ്ടായ വൻ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കുറിച്ച് നാലാം ദിവസവും വിവരമില്ല. തടി കയറ്റി വരുന്നതിനിടെയാണ് ലോറിയടക്കം മണ്ണിടിച്ചിലിൽ അകപ്പെട്ടത്. .ജിപിഎസ് പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറിയുടെ ലൊക്കേഷൻ കാണിക്കുന്നത്.

അഗോല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും മൂന്നു ദിവസമായിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. അപകടമുണ്ടായതിന് പിന്നാലെ രണ്ടു ദിവസമായി അർജുന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ഇന്നലെ അർജുന്റെ ഭാര്യ വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്തിരുന്നു. പക്ഷേ, ഫോൺ എടുത്തില്ല. പിന്നെയും സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.

റോഡിലെ മണ്ണ് മാറ്റി ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വിവരം. കാണാതായ ആളെ കണ്ടെത്താൻ ഇതുവരെയും മണ്ണു മാറ്റി പരിശോധന നടത്തിയിട്ടില്ല. `എസി ഓൺ ചെയ്ത് ഫുൾ കവർ ചെയ്ത വണ്ടിയാണ്. അതുകൊണ്ട് മണ്ണ് ഉള്ളിലേക്ക് കയറിയിട്ടുണ്ടാവില്ല. അങ്ങനെയാണെങ്കിൽ അർജുനെ ജീവനോടെ രക്ഷിക്കാൻ കഴിയും. ഇടയ്ക്കിടയ്ക്ക് ഫോൺ സ്വിച്ച് ഓൺ ആകുന്നതിലും പ്രതീക്ഷയുണ്ട്’എന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ലോറിയില്‍ അര്‍ജുൻ ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു.

അർജുനെ കണ്ടെത്താനുളള ശ്രമങ്ങൾക്ക് വേഗം കൂട്ടാനായി ശ്രമിക്കുന്നുണ്ടെന്നും കർണാടക ഗതാഗത മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും അന്വേഷണത്തിന് കാസർകോട് കലക്ടറെ ചുമതലപ്പെടുത്തിയെന്നും ഗതാഗത മന്ത്രി ഗണേശ് കുമാർ പറ‍ഞ്ഞു. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും രണ്ടു ദിവസമായിട്ടും വിവരങ്ങള്‍ വന്നിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button