ആരാധകൻ ഡിസൈൻ ചെയ്ത ഷർട്ട് ധരിച്ചെത്തി മമ്മൂട്ടി; സന്തോഷംകൊണ്ട് മതിമറന്ന് ജസ്ഫർ

ആരാധകൻ ഡിസൈൻ ചെയ്ത ഷർട്ട് ധരിച്ചെത്തി മമ്മൂട്ടി; സന്തോഷംകൊണ്ട് മതിമറന്ന് ജസ്ഫർ | Mammootty Shirt

ആരാധകൻ ഡിസൈൻ ചെയ്ത ഷർട്ട് ധരിച്ചെത്തി മമ്മൂട്ടി; സന്തോഷംകൊണ്ട് മതിമറന്ന് ജസ്ഫർ

മനോരമ ലേഖകൻ

Published: July 19 , 2024 11:18 AM IST

1 minute Read

ജസ്ഫറിനും കുടുംബത്തിനുമൊപ്പം മമ്മൂട്ടി

ശാരീരിക പരിമിതികൾക്കിടയിലും സ്നേഹം കൊണ്ട് ഡിസൈൻ ചെയ്തെടുത്ത തന്റെ ഷർട്ട് ധരിച്ച് സാക്ഷാൽ മമ്മൂട്ടി എത്തിയതിന്റെ സന്തോഷത്തിലാണ് മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച്  കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. അങ്ങനെ സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജസ്ഫർ മമ്മൂട്ടിക്ക് സമ്മാനിച്ചത്. തന്റെ ഷർട്ട് സ്നേഹത്തോടെ മേടിച്ചുവച്ചെങ്കിലും അത് എപ്പോഴെങ്കിലും മമ്മൂട്ടി ഉപയോഗിക്കുമെന്ന് ജസ്ഫർ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.

ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയിരുന്നത്. എന്നാൽ ജസ്ഫറിനെ പോലും ഞെട്ടിച്ച് കഴിഞ്ഞ ദിവസം ‘ഇടിയൻ ചന്തു’ സിനിമയുടെ പാട്ടിന്‍റെ ലോഞ്ചിന് മമ്മൂട്ടിയെത്തിയത് അതേ ഷർട്ടുമിട്ടായിരുന്നു. ആ കാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് നൽകിയതെന്ന് ജസ്ഫർ പറയുന്നു.

കഴിഞ്ഞ മാസം ‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴായിരുന്നു ജസ്ഫറിനെ കണ്ടത്.മമ്മൂട്ടിയുടെ വലിയ ആരാധകനായ ജസ്ഫറിന്‍റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു അദ്ദേഹത്തെ ഒന്ന് നേരിട്ട് കാണുകയെന്നത്. എ.കെ. ഗ്രൂപ്പിന്‍റെ സിഇഒ എ.കെ.മുസ്തഫയാണ് അതിന് അവസരം ഒരുക്കി നൽകിയത്. അന്ന് അദ്ദേഹത്തിന് എന്ത് സമ്മാനം നൽകുമെന്ന ചിന്തയാണ് സ്വന്തമായി ഡിസൈൻ ചെയ്ത ഷർട്ടിലെത്തിയത്. ലിനൻ തുണി വാങ്ങി പ്രിയതാരത്തിന്‍റെ അളവിൽ തുന്നിയെടുക്കുകയായിരുന്നു. പിന്നീട് അക്രലിക്ക് പെയിന്‍റ് ഉപയോഗിച്ച് ബ്ലൂ പാലറ്റ് മാത്രം ഉപയോഗിച്ച് ഡിസൻ വരച്ചെടുത്തു. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും വരച്ച് സമ്മാനിച്ചിരുന്നു ജസ്ഫർ.

ദുബായിൽവച്ച് കണ്ടപ്പോൾ ജസ്ഫറിന്‍റെ ചിത്രരചനയെക്കുറിച്ചാണ് മമ്മൂട്ടി ഏറെയും ചോദിച്ചറിഞ്ഞത്. പിന്നെ ദുബായിലെ പ്രവർത്തനങ്ങളെക്കുറിച്ചും. എന്നാൽ കൗതുകത്തോടെ ചോദിച്ചത് കുടുംബത്തെക്കുറിച്ചാണെന്ന് ജസ്ഫർ പറയുന്നു. 

ഓൺലൈൻ വഴി പരിചയപ്പെട്ട തലശേരി സ്വദേശി ഫാത്തിമ ദൗഫർ 2015ലാണ് ജസ്ഫറിന്‍റെ ജീവിതസഖി. മകൻ, ആറ് വയസുകാരൻ കെൻസിൽ റോമി.

English Summary:
Touching Story: How Jesfer Kottakunn’s Love-Filled Design Reached Mammootty’s Wardrobe

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3009ipas6pqkjdtcr31bgd976o mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version