KERALAMLATEST NEWS

ഇന്നും പെരുമഴ തന്നെ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കളളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കാലാവസ്ഥയിൽ മാ​റ്റം വരികയാണെങ്കിൽ മഴ മുന്നറിയിപ്പിലും മാ​റ്റം വരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിൽ ഭാ​ഗികമായ അവധിയും പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേണൽ ഹയർ സെക്കൻഡറി ഉൾപ്പെടെയുള്ള സ്കൂളുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളെയും പിഎസ്‍സി പരീക്ഷകളെയും ബാധിക്കില്ല.

കണ്ണൂർ, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മോഡൽ റസിഡൻഷ്യൽ,​ നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

അതേസമയം, കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ കടൽതീരങ്ങളിലുളളവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും നിർദ്ദേശമുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കളളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്.


Source link

Related Articles

Back to top button