വിശ്വാമിത്രന്റെ യാഗരക്ഷ – The Redemption of Demons: Marichan and Subahu
വിശ്വാമിത്രന്റെ യാഗരക്ഷ
എം.കെ.വിനോദ് കുമാർ
Published: July 19 , 2024 08:58 AM IST
1 minute Read
നിരന്തരം രാമനാമം ജപിച്ച്, രാമപാദസ്പർശം ഏൽക്കും വരെ ശിലാരൂപത്തിൽ ഇവിടെ കഴിയാൻ തന്റെ ധർമപത്നിക്കും ശാപം
യാഗം ഭഞ്ജിക്കുന്ന രാക്ഷസരെ കാട്ടിക്കൊടുക്കുകയേ വേണ്ടൂ വിശ്വാമിത്രന്. യാഗരക്ഷാകൃത്യം രാമബാണം നിർവഹിച്ചുകൊള്ളും. യാഗവേളയിൽ മധ്യാഹ്നത്തിൽ മുകളിൽനിന്നു രക്തവൃഷ്ടിയോടെ വരവായി രാക്ഷസർ. മാരീചനും സുബാഹുവിനും നേർക്ക് രണ്ടു ശരങ്ങൾ തൊടുത്ത് രാമൻ. സുബാഹു നിമിഷാർധത്തിൽ ശരമേറ്റു വീണു. മാരീചനാകട്ടെ പിന്നാലെയെത്തുന്ന ശരത്തെ പേടിച്ച് സമുദ്രംവരെ പാഞ്ഞു. അവിടെയും രക്ഷയില്ലെന്നു കണ്ട് അവസാനം ഭഗവാന്റെ കാൽക്കൽതന്നെ. ഭക്തവത്സലൻ അഭയം നൽകാതിരിക്കില്ലല്ലോ. ഭക്തനായിത്തീർന്നു മാരീചൻ. കർമങ്ങൾ ഇനിയുമുണ്ട് അയാൾക്ക് ഈ ജന്മത്തിൽ.
ശത്രുകുലത്തിനു കാലനായ ലക്ഷ്മണകുമാരൻ മറ്റു രാക്ഷസരെയെല്ലാം യമപുരിക്കയച്ചു. വിശ്വാമിത്രന്റെ സന്തോഷം പറയേണ്ടതുണ്ടോ? അശ്രുനിറഞ്ഞ്, ആർദ്രാകുലമായ നേത്രപത്മങ്ങളോടെ അദ്ദേഹം കുമാരന്മാരെ തന്നിലേക്കു ചേർത്തു. പുരാണങ്ങൾ പറഞ്ഞുരസിപ്പിച്ച് മൂന്നുനാൾ പിന്നിടുമ്പോൾ മുനി പറയുന്നു: ‘‘അരുതു വൃഥാ കാലംകളകെന്നുള്ളതേതും.’’ ജനകമഹീപതിയുടെ മഹായജ്ഞം കാണാൻ വൈകാതെ പോകണം. വില്ലുകളിൽ വിശേഷപ്പെട്ട ത്രൈയംബകം അവിടെ, വിദേഹരാജ്യത്ത് ഉണ്ട്. ശ്രീമഹാദേവന്റെ വില്ലാണ് അത്.
ഗംഗാതീരത്തെ ഗൗതമാശ്രമത്തിലേക്കാണ് അവർ ആദ്യം എത്തുന്നത്. ഉന്മേഷദായകമായ അന്തരീക്ഷം. ദിവ്യമായ വൃക്ഷലതപുഷ്പഫലാദികൾ.ആരുടേതാണീ ആശ്രമമെന്ന് രാമദേവനും കൗതുകം. ഗംഗാതീരത്തെ ആശ്രമത്തിൽ കഴിയുകയായിരുന്ന ഗൗതമന് ബ്രഹ്മാവ് ലോകസുന്ദരിയായ പുത്രി അഹല്യയെ നൽകിയ കഥയാണ് വിശ്വാമിത്രനു പറയാനുള്ളത്. വിശ്വമോഹിനിയായ അഹല്യയിൽ അനുരക്തനായി ദേവേന്ദ്രൻ, സദാചാരബോധം വെടിഞ്ഞ് ഗൗതമരൂപം പൂണ്ട് അഹല്യയെ പ്രാപിച്ച കഥകൂടിയാണ് അത്.
ആയിരം ജനനേന്ദ്രിയങ്ങളോടെ ജനിക്കാനാണ് ദേവേന്ദ്രനുള്ള മുനിശാപം. നിരന്തരം രാമപാദം ജപിച്ച്, രാമപാദസ്പർശം ഏൽക്കുംവരെ ശിലാരൂപത്തിൽ ഇവിടെ കഴിയാൻ തന്റെ ധർമപത്നിക്കും ശാപം. മനസ്സ് ശുദ്ധമായി വരാൻ രാമജപത്തിന്റെ ദിവ്യവത്സരങ്ങൾ കഴിയണം. തന്നെ ശുശ്രൂഷിക്കാനുള്ള അർഹത അഹല്യയ്ക്കു സിദ്ധിക്കുവോളം ഹിമവൽപാർശ്വത്തിൽ വസിക്കാൻ പോയിരിക്കുന്നു ഗൗതമ മഹർഷി.
English Summary:
The Redemption of Demons: Marichan and Subahu
4akve7of15ghqq6md9dlp7s94 30fc1d2hfjh5vdns5f4k730mkn-list vinodkumar-m-k mo-astrology-ramayana-kanda mo-religion-ramayana-month-2024 7os2b6vp2m6ij0ejr42qn6n2kh-list mo-religion-ramayana-masam-2024 mo-astrology-ramayana-parayanam
Source link