KERALAMLATEST NEWS

മദ്യപാനത്തില്‍ മലയാളിക്ക് പുതിയ ‘റെക്കോഡ്’, കിട്ടിയത് രാജ്യത്തെ ഈ സ്ഥാനം

തിരുവനന്തപുരം: ആഘോഷങ്ങള്‍ ഏതായാലും മലയാളിക്ക് മദ്യം പ്രധാനമാണെന്നാണ് പൊതുവേ പറയാറുള്ളത്. ഓണം, ക്രിസ്മസ് പോലുള്ള ദിവസങ്ങളിലെ മദ്യവില്‍പ്പനയില്‍ മലയാളികള്‍ റെക്കോഡിടാറുമുണ്ട്. ‘കുടിയന്‍മാര്‍’ എന്ന ലേബല്‍ പോലുമുണ്ട് മറ്റ് നാട്ടുകാര്‍ക്കിടയില്‍ മലയാളിക്ക്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് മലയാളിക്ക് മദ്യപാനത്തില്‍ ഒരു പുതിയ റെക്കോഡ് കൂടി കിട്ടിയിരിക്കുകയാണ്. അത് പക്ഷേ മദ്യ ഉപയോഗം കുറവുള്ളതിന്റെ പേരിലാണ്.

അമ്പരക്കേണ്ട, പറഞ്ഞത് സത്യമാണ്. ശരാശരി മലയാളിയുടെ കുടുംബ ചെലവില്‍ മദ്യത്തിനും പുകയിലയ്ക്കുമായി ചിലവാക്കുന്ന പണം വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. 2022-2023 ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് പണം ചെലവാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. അതായത് നമ്മളൊക്കെ കരുതിയത് പോലെ കിട്ടുന്ന പണത്തിന് മുഴുവന്‍ കുടിച്ച് കൂത്താടി നടക്കുന്നവരല്ല മലയാളികള്‍.

കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ മൊത്തം കുടുംബ ചെലവിന്റെ വെറും 1.88 ശതമാനം മാത്രമാണ് മദ്യത്തിനും പുകയിലയ്ക്കുമായി ചിലവാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നഗര മേഖലയില്‍ ഇത് ഇനിയും കുറവാണ്. വെറും 1.37 ശതമാനം മാത്രമാണ് മദ്യത്തിനും പുകയിലയ്ക്കുമായി ചെലവാക്കുന്നത്. അതേസമയം ദേശീയ ശരാശരി ഗ്രാമീണ മേഖലയില്‍ യഥാക്രമം 3.70 ശതമാനവും നഗരങ്ങളില്‍ 2.41 ശതമാനവുമാണ്. മദ്യ ഉപഭോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണെന്ന് ഇത് സൂചിപ്പിക്കുന്നു.

രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ലഹരിയ്ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത് ആന്‍ഡമാന്‍ നിക്കോബാറും (9.08%) നഗരപ്രദേശങ്ങളില്‍ അരുണാചല്‍ പ്രദേശുമാണ് (6.51%). കൂടാതെ ലഹരിപദാര്‍ത്ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്നത് ഗ്രാമീണ മേഖലയില്‍ ഗോവയും (1.52%) നഗരപ്രദേശങ്ങളില്‍ മഹാരാഷ്ട്രയുമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു (1.14%). അതേസമയം 2011-12 വര്‍ഷത്തില്‍ നടന്ന സര്‍വേയില്‍ മദ്യത്തിനും പുകയിലയ്ക്കും വേണ്ടിയുള്ള മലയാളികളുടെ മൊത്തം ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 2.68 ശതമാനവും നഗരപ്രദേശങ്ങളില്‍ 1.87 ശതമാനവുമായിരുന്നു.


Source link

Related Articles

Back to top button