വടക്കൻ കേരളത്തിൽ പെരുമഴ, നാശം 11 വീട് പൂർണമായും 323 വീട് ഭാഗികമായും തകർന്നു
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത നാശംവിതച്ച് പെരുമഴ തുടരുന്നു. രണ്ടു ദിവസംകൂടി ഈ നില തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, വയനാട് ജില്ലകളിൽ അതിതീവ്ര മഴയാണ് . മദ്ധ്യകേരളത്തിലും അതിശക്തമായ മഴയുണ്ട്. 11 വീട് പൂർണമായും 323 വീട് ഭാഗികമായും തകർന്നു. സംസ്ഥാനത്താകെ 62 ദുരിതാശ്വാസ ക്യാമ്പുകളിലായി 452 കുടുംബങ്ങളിലെ 1473 പേരെ മാറ്റിപ്പാർപ്പിച്ചു.
കണ്ണൂർ ജില്ലയിൽ പുഴകൾ കരകവിഞ്ഞു.കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മണിക്കടവിലെ ചപ്പാത്ത് പാലം, വട്ട്യാംതോട്, വയത്തൂർ പാലങ്ങൾ വെള്ളത്തിനടിയിലാണ്. ചെറുപുഴ കോഴിച്ചാൽ ഐ.എച്ച്.ഡി.പി പ്രദേശത്ത് ശക്തമായ മലവെളളപ്പാച്ചിലിൽ മരപ്പാലം തകർന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലം പുനർനിർമ്മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷാസേന നവജാത ശിശുവിനെ ഉൾപ്പെടെ മറുകരയെത്തിച്ചത്.
ചെറുപുഴ കോഴിച്ചാൽ ഐ.എച്ച്.ഡി.പി പ്രദേശത്ത് ശക്തമായ മലവെളളപ്പാച്ചിലിൽ മരപ്പാലം തകർന്നു. ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പാലം പുനർനിർമ്മിച്ചാണ് പെരിങ്ങോം അഗ്നിരക്ഷാ സേന നവജാത ശിശുവിനെ ഉൾപ്പെടെ മറുകരയെത്തിച്ചത്. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റൻ ചുറ്റുമതിൽ മഴയിൽ ഇടിഞ്ഞുവീണു. സമീപത്തുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.
വ്യാഴം രാവിലെ അവസാനിച്ച 24 മണിക്കൂറിൽ വയനാട് ജില്ലയിലെ തേറ്റമല (274 മി.മീ), മക്കിയാട് (234), തവിഞ്ഞാൽ (232), കുഞ്ഞോം (216), കോഴിക്കോട് ജില്ലയിലെ എളേറ്റിൽ വട്ടോളി (222) എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
ഇന്ന് 4 ജില്ലയിൽ ഓറഞ്ച് അലർട്ട്
കേരള തീരത്ത് പടിഞ്ഞാറൻ, വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്.ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (അതിശക്ത മഴ) പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് (ശക്തമായ മഴ) ആണ്.
കുഫോസ് വി.സി നിയമനം: ഗവർണറുടെ തുടർ നടപടികൾക്ക് സ്റ്റേ
കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ് ) വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തുടർ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. ഹർജി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
വിഷയത്തിൽ എല്ലാകക്ഷികളുടെയും വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി വി.സി ഡോ. സഞ്ജീവ് ജെയിൻ, കുസാറ്റ് മുൻ വി.സി ഡോ. പി.കെ. അബ്ദുൽ അസീസ്, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.
ഗവർണർ അപ്പീൽ നൽകും
ഹൈക്കോടതിയുടെ സ്റ്റേ ചെയ്ത ഉത്തരവിനെതിരേ ഗവർണർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും.
വ്യാജ പാസ്പോർട്ട്
കേസ് ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: മരിച്ചയാളുടെയടക്കം രേഖകൾ ഹാജരാക്കി ക്രിമിനൽ കേസ് പ്രതിയടക്കം നിരവധി പേർക്ക് വ്യാജ പാസ്പോർട്ടെടുത്ത കേസുകളിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. തുമ്പ പൊലീസ് രജിസ്റ്റർ ചെയ്ത 10കേസുകളാണ് കൈമാറിയത്. കേസിൽ പൂന്തുറ സ്റ്റേഷനിലെ പ്രവീൺ കുമാർ,അൻസിൽ അസീസ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം കൈമാറി പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്. തുമ്പ സ്റ്റേഷനിലെ സി.പി.ഒ അൻസിലിനെ കേസിൽ പ്രതിയാക്കിയിട്ടുമുണ്ട്.
Source link