കൊച്ചി: കേരള ഫിഷറീസ് സർവകലാശാല (കുഫോസ് ) വൈസ് ചാൻസലർ നിയമനത്തിന് ചാൻസലർ കൂടിയായ ഗവർണർ സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ തുടർ നടപടികൾ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്കുള്ള അധികാരം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് സിയാദ് റഹ്മാൻ നിർദ്ദേശിച്ചു. ഹർജി അടുത്ത മാസം എട്ടിന് വീണ്ടും പരിഗണിക്കും.
വിഷയത്തിൽ എല്ലാകക്ഷികളുടെയും വിശദവാദം കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റി വി.സി ഡോ. സഞ്ജീവ് ജെയിൻ, കുസാറ്റ് മുൻ വി.സി ഡോ. പി.കെ. അബ്ദുൽ അസീസ്, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾചറൽ റിസർച്ച് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന എന്നിവരാണ് സെർച്ച് കമ്മിറ്റിയിലുള്ളത്.
ഗവർണർ അപ്പീൽ നൽകും
ഹൈക്കോടതിയുടെ സ്റ്റേ ചെയ്ത ഉത്തരവിനെതിരേ ഗവർണർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകും. ഫിഷറീസ് വാഴ്സിറ്റിയിലെ സ്റ്റേ മറ്റിടങ്ങളിലും വന്നേക്കുമെന്ന് ഗവർണർ ആശങ്കപ്പെടുന്നതിനാലാണ് അപ്പീൽ നൽകുക.
ശാസ്ത്രവേദി:
സംസ്ഥാനതല
ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ശാസ്ത്രവേദിയുടെ വിവിധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ശശി തരൂർ എം.പി എന്നിവർ സംസാരിക്കും. രാഷ്ട്രീയ,സാമൂഹിക,ശാസ്ത്ര സാങ്കേതിക,അദ്ധ്യാപക രംഗത്തുള്ളവർ ഉൾപ്പെടെ പരിപാടിയിൽ സംബന്ധിക്കും.
ദേവസ്വം ബോർഡ്
പി.ആർ.ഒ റാങ്ക് ലിസ്റ്റ്:
ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: തിരുവിതാംകൂർ ദേവസ്വംബോർഡ് പി.ആർ.ഒ റാങ്ക് ലിസ്റ്റിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഴുത്തുപരീക്ഷയിൽ ഒന്നാമതെത്തിയ തിരുവനന്തപുരം സ്വദേശിനി എ. ബിനിതയുടെ ഹർജി ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്. തന്നെക്കാൾ മാർക്ക് കുറഞ്ഞ പുരുഷ ഉദ്യോഗാർത്ഥിക്ക് ദേവസ്വംബോർഡ് നിയമന ഉത്തരവ് നൽകിയെന്ന് ഹർജിയിൽ പറയുന്നു.
റവന്യൂവിലെ സ്ഥാനക്കയറ്റം:
പുനർ മൂല്യനിർണ്ണയ പാനൽ
തിരുവനന്തപുരം: റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിൽ പ്രൊബേഷൻ നടപ്പാക്കാനും തഹസീൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം കിട്ടാനും കഴിഞ്ഞ 14,15 തീയതികളിൽ നടത്തിയ പരീക്ഷയുടെ പുനർമൂല്യ നിർണ്ണയത്തിന് പ്രത്യേക പാനൽ രൂപീകരിച്ചു. പരീക്ഷാഫലം സംബന്ധിച്ച് പരാതികളുയർന്ന സാഹചര്യത്തിലാണിത്.
റവന്യൂ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ, നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡയറക്ടർ, അണ്ടർ സെക്രട്ടറി റവന്യൂ (സി) വകുപ്പ് എന്നിവരാണ് പാനൽ അംഗങ്ങൾ. ക്ളാർക്ക് / വില്ലേജ് അസിസ്റ്റന്റ് തസ്തികയിൽ പ്രൊബേഷൻ പ്രഖ്യാപിക്കാനും സ്പെഷ്യൽ വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം കിട്ടാനും ചെയിൻ സർവേ പരീക്ഷ പാസാവണം. ഇത്തരം പരീക്ഷകളിൽ റവന്യൂ ജീവനക്കാരെ പരീക്ഷ നടത്തിപ്പുകാരായ സർവേ ജീവനക്കാർ മന:പൂർവ്വം തോൽപ്പിക്കുന്നതായി പരാതിയുണ്ട്. കഴിഞ്ഞ പരീക്ഷയിലും നിരവധി ഉദ്യോഗസ്ഥർ റവന്യൂ വകുപ്പിന് പരാതി നൽകി. സർക്കാർ അനുമതിയോടെ വർഷം തോറും ഈ പാനൽ പുനക്രമീകരിക്കണം.
ഇപ്പോൾ പരാതി നൽകിയവരുടേത് പുനർമൂല്യനിർണ്ണയത്തിന് വിധേയമാക്കേണ്ടതിനാൽ 14,15 തീയതികളിൽ നടന്ന ഹയർ സർവേ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.
Source link