യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
സ്ട്രാസ്ബർഗ്: ഉർസുല ഫോൺ ദെർ ലെയ്ൻ വീണ്ടും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യൻ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ അവർക്ക് 401 വോട്ടുകൾ ലഭിച്ചു. 284 പേരാണ് എതിർത്തത്. മധ്യ-വലതുപക്ഷ നിലപാടുകളുള്ള യൂറോപ്യൻ പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായ ഉർസുല 2019 മുതൽ ഈ പദവി വഹിക്കുന്നു. വോട്ടെടുപ്പിൽ സോഷ്യലിസ്റ്റ് ഡെമോക്രാറ്റ്, ലിബറൽ, ഗ്രീൻസ് പാർട്ടികളുടെ പിന്തുണ അവർക്കു ലഭിച്ചു. പേട്രിയറ്റ് ഫോർ യൂറോപ്പ് ഉൾപ്പെടെയുള്ള തീവ്ര വലതുപക്ഷ പാർട്ടികളാണ് എതിർത്തത്. യൂറോപ്പിന്റെ പ്രതിരോധത്തിലായിരിക്കും തന്റെ ശ്രദ്ധയെന്ന് ജർമൻകാരിയായ ഉർസുല വോട്ടെടുപ്പിനു മുന്പായി പറഞ്ഞു. പ്രതിരോധച്ചെലവ് വർധിപ്പിക്കും. യൂറോപ്യൻ സംസ്കാരത്തിനും ജീവിതരീതിക്കും ഭീഷണി ഉയർത്തുന്നവരെ എതിർക്കും. ജർമൻ ചാൻലസർ ഒലാഫ് ഷോൾസ് അടക്കമുള്ളവർ ഉർസുലയുടെ തെരഞ്ഞെടുപ്പിനെ അഭിനന്ദിച്ചു. പോർച്ചുഗലിലെ മുൻ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ. എസ്തോണിയയിലെ മുൻ പ്രധാനമന്ത്രി കായ കല്ലാസ് വിദേശ നയ മേധാവിയും.
Source link