ബൈഡനു കോവിഡ്; സമ്മർദവുമായി ഡെമോക്രാറ്റിക് നേതാക്കൾ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഇതിനിടെ ഡെമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാക്കൾ ബൈഡന്റെ വിജയസാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. സെനറ്റ് മെജോരിറ്റി ലീഡർ ചക് ഷൂമറും ഹൗസ് മൈനോരിറ്റി ലീഡർ ഹക്കീം ജഫ്രീസും ബൈഡനുമായി നേരിട്ട് ചർച്ചകൾ നടത്തി. ബൈഡന് ട്രംപിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് മുൻ സ്പീക്കർ നാൻസി പെലോസി അദ്ദേഹത്തോടു നേരിട്ടു പറഞ്ഞതായും റിപ്പോർട്ടുണ്ട്. ബൈഡന് കോവിഡ് വരുന്നത് മൂന്നാം തവണയാണ്. ലഘുവായ രോഗലക്ഷണങ്ങളേ അദ്ദേഹത്തിനുള്ളൂവെന്ന് വൈറ്റ്ഹൗസ് വക്താവ് കരീൻ ജീ പെറി ബുധനാഴ്ച അറിയിച്ചു. ഡെലാവറിലെ വസതിയിൽ ഐസൊലേഷനിൽ കഴിയാനാണ് ബൈഡന്റെ പദ്ധതി. അദ്ദേഹം വാക്സിനെടുത്തിട്ടുള്ളതാണെന്നും വക്താവ് കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾ ഊർജിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈഡന് കോവിഡ് ബാധിച്ചിരിക്കുന്നത്. എതിരാളി ഡോണൾഡ് ട്രംപുമായി ജൂൺ അവസാനം നടത്തിയ സംവാദത്തിൽ പരാജയപ്പെട്ട ബൈഡനുമേൽ സ്ഥാനാർഥിത്വം ഒഴിയാൻ ശക്തമായ സമ്മർദമുണ്ട്. ചക് ഷൂമറും ഹക്കീം ജഫ്രിസും കഴിഞ്ഞയാഴ്ച ബൈഡനുമായി പ്രത്യേകം പ്രത്യേകം സ്വകാര്യ കൂടിക്കാഴ്ച നടത്തുകയായിരുന്നു. ബൈഡൻ മത്സരിച്ചാൽ തോൽക്കാനുള്ള സാധ്യതയുണ്ടെന്നതിനു പുറമേ, സെനറ്റിലും ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ കുറയാമെന്നും ഇവർ അറിയിച്ചു. എന്നാൽ പാർട്ടി നോമിനി താൻ ആണെന്നും മത്സരിക്കുമെന്നും ബൈഡൻ ഇരുവരെയും അറിയിച്ചു. നാൻസി പെലോസിയും ബൈഡനും തമ്മിലുള്ള സംഭാഷണം എപ്പോഴായിരുന്നുവെന്നതിൽ വ്യക്തതയില്ല. ബൈഡന്റെ സ്ഥാനാർഥിത്വം പാർട്ടി താത്പര്യങ്ങൾക്കു തിരിച്ചടിയാകുമെന്ന് പെലോസി അറിയിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
Source link