കേന്ദ്രസർക്കാരിന്റെ നിരോധനം പൂർണമായി ഇല്ലാതാക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട രണ്ട് നോൺവെജ് വിഭവങ്ങളെ

ആലപ്പുഴ : പക്ഷിപ്പനി നിയന്ത്രിക്കാൻ അടുത്തവർഷം മാർച്ച് വരെ ആലപ്പുഴയിൽ താറാവും കോഴിയും വളർത്തുന്നതും ഹാച്ചറിയും നിരോധിക്കാനുള്ള കേന്ദ്രനീക്കം കുട്ടനാടിന്റെ സാമ്പത്തിക അടിത്തറ തകർക്കും. കുട്ടനാടിന്റെ സ്വന്തം താറാവ് വർഗങ്ങളായ ചാര,​ ചെമ്പല്ലി എന്നിവ വംശനാശത്തിലേക്കും നീങ്ങും.

2014ൽ പക്ഷിപ്പനിക്ക് മുമ്പ് വർഷം ആയിരം കോടി രൂപയുടെ മുട്ട – ഇറച്ചി വ്യാപാരമുണ്ടായിരുന്നു ആലപ്പുഴയിൽ. പക്ഷിപ്പനി കാരണം അത് 600 കോടിയിലേക്ക് കൂപ്പുകുത്തി. പുതിയ തീരുമാനം സാമ്പത്തിക ദുരന്തം കൂടുതൽ രൂക്ഷമാക്കും.താറാവ്,​ കോഴി കർഷകർ, ഇറച്ചി,​ മുട്ട വ്യാപാരികൾ,​ ചെറുകിട ഹോട്ടലുകൾ തുടങ്ങി ആയിരങ്ങളുടെ ജീവനോപാധി ഇല്ലാതാകും. ആലപ്പുഴ നഗരത്തിലും ആലപ്പുഴ- ചങ്ങനാശേരി,​ അമ്പലപ്പുഴ- തിരുവല്ല റോഡുകളുടെ വശങ്ങളിലുമുള്ള 300 ഓളം മുട്ട വ്യാപാര കേന്ദ്രങ്ങളിൽ അധികവും പൂട്ടിക്കഴിഞ്ഞു.

വീടുകളിലെ മുട്ട മാത്രമാണ് ഇപ്പോൾ കിട്ടുന്നത്. അതും വിരളം.

വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ കുട്ടനാടൻ കള്ളും നാടൻ ഭക്ഷണവും കഴിക്കാൻ ധാരാളം പേർ എത്തിയിരുന്നു. പക്ഷിപ്പനിയോടെ അതും കുറഞ്ഞു. ഷാപ്പുകളിലെയും ഹോട്ടലുകളിലെയും താറാവ് കറിയും റോസ്റ്റുമെല്ലാം ഓർമ്മയായി. ഹോട്ടൽ വ്യവസായത്തിലും പക്ഷിപ്പനി ഭീമമായ നഷ്ടമാണുണ്ടാക്കിയത്.

ചാരയും ചെമ്പല്ലിയും വംശനാശത്തിലാകും

ചാരയുടെയും ചെമ്പല്ലിയുടെയും മുട്ടയ്ക്ക് വലിപ്പവും രുചിയും പോഷകാംശവും കൂടുതലാണ്. ഇറച്ചി പ്രേമികളുടെ ഇഷ്‌ട വിഭവമാണ്. വംശനാശ ഭീഷണിയുള്ള ജീവികളെ ലോകമെമ്പാടും സംരക്ഷിക്കുമ്പോഴാണ് കുട്ടനാടിന്റെ പൈതൃകമായ ചാരയെയും ചെമ്പല്ലിയെയും വംശനാശത്തിലേക്ക് തള്ളിവിടുന്നത്.

പക്ഷിപ്പനിയുടെ ആഘാതം

മൂന്ന് ജില്ലകളിൽ 2.5 ലക്ഷം പക്ഷികളെ കൊന്നു

താറാവ്, ഇറച്ചിക്കോഴി, മുട്ട വ്യാപാരം തകർന്നു

കോഴി,​ താറാവ് ഇറച്ചി വിൽപ്പന പകുതിയായി

ആയിരത്തോളം ഫാമുകൾ പൂട്ടി

2500 കോഴിയിറച്ചി സ്റ്റാളുകളിൽ പകുതിയും പൂട്ടി

പത്ത് പഞ്ചായത്തിലെ ജനങ്ങളുടെ വരുമാനം നിലച്ചു


Source link

Exit mobile version