ശക്തമായ മഴയും മഞ്ഞും; കണ്ണൂരിൽ റൺവേ കാണാൻ കഴിയുന്നില്ല, വിമാനങ്ങൾ കൊച്ചിയിലേക്ക്
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കുവൈറ്റ് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ച് വിട്ടു. കണ്ണൂരിൽ എത്തിയ വിമാനം ലാൻഡ് ചെയ്യാൻ പല തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്‌ച മങ്ങിയതോടെ സാധിച്ചില്ല.
ലാൻഡിംഗിന് കഴിയാതിരുന്നതോടെ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ കാരണം വിവിധ വിമാന സർവീസുകൾ വൈകുകയും ചെയ്‌തു.
സംസ്ഥാനത്ത് മഴ തുടരും
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം. പത്ത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് മാത്രമാണ് ഇന്ന് അവധി. ചേവായൂർ എൻജിഒ ക്വാർട്ടേഴ്സ് ഹെെസ്‌കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കോട്ടുളി ജിഎല്‍പി സ്‌കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി എന്നിവയ്ക്ക് മാത്രമാണ് കോഴിക്കോട് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Source link