തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ പുതുക്കി കേരളം. ജന്മനാടായ പുതുപ്പള്ളിയിലും സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലും വരെ അനുസ്മരണ പരിപാടികൾ നടക്കുകയാണ്. കൊടിയുടെ നിറം നോക്കാതെയാണ് ജനങ്ങൾ അനുസ്മരണ യോഗങ്ങൾ നടത്തുന്നതും പങ്കെടുക്കുന്നതും.
പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കബറിടത്തിൽ നടന്ന ധൂപ പ്രാർത്ഥനയിൽ കുടുംബാംഗങ്ങൾക്കൊപ്പം കോൺഗ്രസിന്റെ പ്രമുഖ നേതാക്കളും നാട്ടുകാരും പങ്കെടുത്തു. പള്ളി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്‌മരണ സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.
ചാണ്ടി ഉമ്മൻ എം എൽ എ ചെയർമാനായ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിച്ചു.ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പുതുപ്പള്ളിയിലെ 1000 വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും കൂരോപ്പടയിൽ 50 സെന്റിൽ നിർമ്മിച്ച ഉമ്മൻ ചാണ്ടി സ്പോർട്സ് അരീന – ഗോൾ ഫുട്ബാൾ ടർഫിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു.
കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് മൂന്നിന് കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ അദ്ധ്യക്ഷനായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന അനുസ്മരണയോഗത്തിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുഷ്പാർച്ചന നടത്തി. വിഎസ് ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്താേടനുബന്ധിച്ച് ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിൽ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കും. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്.
തൃശൂർ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ടൗൺഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡി സി സി യുടെ നേതൃത്വത്തിൽ തൊടുപുഴ രാജീവ് ഭവനിൽ നടന്ന അനുസ്മരണത്തിൽ പ്രസിഡന്റ് സി പി മാത്യു ഉൾപ്പടെയുള്ള നേതാക്കൾ ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
Source link