‘ഈ വീഡിയോ ചിത്രാ ജി കാണുമെന്ന് പ്രതീക്ഷിക്കുന്നു’, അംബാനി വിവാഹത്തിന് കെ എസ് ചിത്രയുടെ പാട്ടുപാടി ശ്രേയ ഘോഷാൽ

റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷം പല പ്രത്യേകതകൾ കൊണ്ട് ഇന്ത്യയാകെ വളരെ ശ്രദ്ധിക്കപ്പെട്ടു. ലോകമാകെയുള്ള പ്രശസ്‌തരായ പലരും ഈ വിവാഹത്തിൽ പങ്കെടുത്തു. വിശിഷ്‌ടമായ ഭക്ഷണ സാധനങ്ങളും ദിവസങ്ങളോളം നീണ്ടുനിന്ന ആഘോഷങ്ങൾ കൊണ്ടും വിവാഹം ശ്രദ്ധ നേടി. പ്രശസ്‌ത ഗായിക ശ്രേയ ഘോഷാലും എ.ആർ റഹ്‌മാനും നയിച്ച സംഗീതവിരുന്നും വിവാഹത്തോടൊപ്പം ഉണ്ടായിരുന്നു. ഈ പരിപാടിയിൽ ശ്രേയ പാടിയ ഒരു പാട്ടാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ വൈറലായത്.

എ.ആർ റഹ്‌മാൻ സംഗീത സംവിധാനം ചെയ്‌ത വിവിധ ഗാനങ്ങൾ ആലപിച്ച സംഗീത വിരുന്നിൽ 1995ൽ മണിരത്നം സംവിധാനം ചെയ്‌ത ബോംബെ എന്ന ചിത്രത്തിലെ ഒരു ഗാനം ശ്രേയ ആലപിച്ചു. കെ.എസ് ചിത്ര പാടിയ ‘കണ്ണാളനേ’ എന്ന പ്രശസ്‌ത ഗാനത്തിന്റെ ഹിന്ദി പതിപ്പായ ‘കെ‌ഹനാഹെ ക്യാ’ എന്ന ഗാനമാണ് ശ്രേയ ഘോഷാൽ പാടിയത്. പാട്ടിന് മുൻപായി ശ്രേയ പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടി.

‘ചിത്രാ ജിയ്‌ക്ക് എന്റെ പ്രണാമം. ഈ ഗാനത്തിന്റെ ഒറി‌ജിനൽ പാടിയിരിക്കുന്നത് ചിത്രാ ജിയാണ്. ഈ പരിപാടിയുടെ വീഡിയോ തീർച്ചയായും പുറത്തെത്തുമ്പോൾ ചിത്രാ ജി കാണുമെന്ന് പ്രതീക്ഷിക്കുന്നു.അവരോട് എനിക്ക് കടുത്ത ആരാധനയാണ്.’ ശ്രേയ പറയുന്നു.

പ്രശസ്‌ത യുവ സംഗീത സംവിധായകൻ ലിഡിയൻ നാദസ്വരമാണ് ഈ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. വേദിയിൽ ചിത്രയുണ്ടായിരുന്നെങ്കിൽ എന്ന് ചില ആരാധകർ പറയുന്നുണ്ട്. മാജിക്കൽ ശ്രേയ ഘോഷാൽ എന്നും ചിലർ കുറിക്കുന്നുണ്ട്. 35,000ലധികം ലൈക്കുകളാണ് വീഡിയോയ്‌ക്ക് ഇതിനകം ലഭിച്ചത്.

View this post on Instagram

A post shared by Lydian Nadhaswaram (@lydiannadhaswaramofficial)


Source link
Exit mobile version