ദേശീയപതാകയില്ലാതെ റഷ്യയും ബലാറൂസും
പാരീസ്: റഷ്യയുടെയും ബലാറൂസിന്റെ കായികതാരങ്ങൾക്ക് പാരീസ് ഒളിന്പിക്സിൽ സ്വന്തം ദേശീയപതാകയുടെ കീഴിൽ അല്ലാതെ നിഷ്പക്ഷരായി മത്സരിക്കാം. യുക്രെയ്ൻ അധിനിവേശം നടത്തുന്ന റഷ്യയുടെയും അതിനെ പിന്തുണയ്ക്കുന്ന ബലാറൂസിന്റെയും കായികതാരങ്ങളെ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് വിലക്കണമെന്ന് 2022 ഫെബ്രുവരിയിൽ ഇന്റർനാഷണൽ ഒളിന്പിക് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനം 2023 ജനുവരിയിൽ ഐഒസി തിരുത്തി. കായികതാരങ്ങൾക്ക് നിഷ്പക്ഷരായി മത്സരിക്കാമെന്ന് ഐഒസി പ്രഖ്യാപിച്ചു. യുക്രെയ്നിന്റെ സ്പോർട്സ് ഓർഗനൈസേഷനുകളിലും റഷ്യ കടന്നുകയറിയതോടെ റഷ്യൻ ഒളിന്പിക് കമ്മിറ്റിയെ ഒക്ടോബർ 2023ൽ സസ്പെൻഡ് ചെയ്തിരുന്നു. ഇതോടെ അത്ലറ്റുകളിൽ പ്രത്യേകിച്ച് യുക്രെയിനിൽനിന്നുള്ളവരിൽ ആശങ്കകളും ഉണ്ടായി. ഇവരുടെ കാര്യത്തിൽ നിരവധി ചർച്ചകളും നടന്നു. ഇതേത്തുടർന്ന് ഐഒസി എക്സിക്യൂട്ടീവ് ബോർഡ് അത്ലറ്റുകളെ അവരുടെ ദേശീയതയെ മാത്രം അടിസ്ഥാനമാക്കി ശിക്ഷിക്കുന്നത് അന്യായമാണെന്ന് തീരുമാനിച്ചു. ചിലർക്ക് കർശനമായ വ്യവസ്ഥകളിൽ പാരീസിൽ മത്സരിക്കാൻ അനുവദിച്ചു. റഷ്യ, ബലാറൂസ് അത്ലറ്റുകൾക്ക് ഒളിന്പിക്സിൽ പങ്കെടുക്കാൻ ഐഒസി പുതിയ വ്യവസ്ഥകൾ പുറത്തിറിക്കി. ഇവർ യുദ്ധപോരാളികളല്ലെന്നും യുദ്ധത്തെ പിന്തുണയ്ക്കുന്നവരല്ലെന്നും തെളിയിക്കുന്ന സത്യവാങ്മൂലം ഇവരിൽനിന്നു സ്വീകരിക്കും. ഐഒസിയുടെ വ്യവസ്ഥകൾ അംഗീകരിക്കുന്ന റഷ്യ, ബലാറൂസ് അ്തലറ്റുകൾക്ക് ഇൻഡിവിജ്വൽ ന്യൂട്രൽ അത്ലറ്റ്്സ് (എഐഎൻ) ആയി ഒളിന്പിക്സിൽ മത്സരിക്കാം. ടീം ഇവന്റുകളിലും ദേശീയ പതാകകളുടെ കീഴിലല്ലാതെ മത്സരിക്കാം. യോഗ്യതാ മാനദണ്ഡങ്ങൾ റഷ്യ, ബലാറൂസ് പാസ്പോർട്ട് കൈവശമുള്ള അത്ലറ്റുകൾ ഓരോ കായിക ഇനത്തിലും അന്താരാഷ്ട്ര ഫെഡറേഷനുകൾ പുറപ്പെടുവിച്ചിരിക്കുന്ന യോഗ്യതാ ഘട്ടങ്ങളിലൂടെ മത്സരിക്കാൻ യോഗ്യത നേടിയവരാകണം. ഉത്തേജക മരുന്ന് വിരുദ്ധ നടപടികൾ ഉൾപ്പെടെ എല്ലാ നിയമകൾക്കും നിയന്ത്രണങ്ങൾക്കും കീഴിലാകും ഇവരും. മത്സരങ്ങൾക്കിടയിൽ റഷ്യയെയോ ബലാറൂസിനെയോ വ്യക്തമാക്കുന്ന ചിഹ്നങ്ങളോ മറ്റ് തിരിച്ചറിയൽ സംവിധാനങ്ങളോ പ്രദർശിപ്പിക്കാൻ പാടില്ല. ഈ രാജ്യങ്ങളിൽനിന്നുള്ള സർക്കാർ ഉദ്യോഗസ്ഥരെ ക്ഷണിക്കുകയോ അവരെ അംഗീകരിക്കുകയോ ഇല്ല. ഗുസ്തിക്കില്ല ജൂലൈ ആറിന് ഒളിന്പിക്സിനു യോഗ്യത നേടിയ റഷ്യയിൽനിന്നും ബലാറൂസിൽനിന്നുമുള്ള 26 ഗുസ്തിക്കാരും ഒളിന്പിക്സിൽ പങ്കെടുക്കില്ലെന്ന് റഷ്യൻ റെസ് ലിംഗ് ഫെഡറേഷൻ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
Source link