ശ്രീലങ്ക മുൻ അണ്ടർ-19 ക്യാപ്റ്റൻ വെടിയേറ്റു മരിച്ചു
കൊളംബോ: ശ്രീലങ്ക അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനയ്ക്കുനേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. ഭാര്യക്കും കുട്ടികൾക്കും മുന്നിൽവച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. 2000ത്തിൽ ശ്രീലങ്കയുടെ അണ്ടർ-19 ടീമിലെത്തിയ ധമ്മിക നിരോഷന ലങ്കൻ യുവനിരയിൽ പ്രതീക്ഷയുള്ള പേസ് ബൗളറായിരുന്നു. ഓൾറൗണ്ടറായിരുന്ന നിരോഷന 2002ലെ അണ്ടർ-19 ലോകകപ്പിൽ ലങ്കൻ ടീമിന്റെ നായകസ്ഥാനത്ത് എത്തി. എന്നാൽ 2004ൽ ക്രിക്കറ്റിൽനിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തി. മുൻ ലങ്കൻ താരങ്ങളായ ഫർവേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുൽ തരംഗ തുടങ്ങിയവർ ധമ്മികയുടെ കീഴിൽ കളിച്ചവരാണ്. ശ്രീലങ്കയിലെ വിവിധ ക്ലബുകൾക്കു വേണ്ടിയും ധമ്മിക കളിച്ചിരുന്നു. താരം പിന്നീട് ക്രിക്കറ്റ് ഉപേക്ഷിക്കുകയായിരുന്നു.
Source link