വാഷിംഗ്ടൺ ഡിസി: യുഎസിലെ മുൻ പ്രസിഡന്റും വരുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. അതേസമയം, ശനിയാഴ്ച പെൻസിൽവേനിയയിൽ ട്രംപിനു നേർക്കുണ്ടായ വധശ്രമത്തിന് ഇതുമായി ബന്ധമില്ല. ഇറേനിയൻ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആഴ്ചകൾക്കു മുന്പേ ട്രംപിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഭടന്മാർക്കു പുറമേ ഡ്രോണുകളും റോബട്ട് നായകളും ട്രംപിന്റെ സുരക്ഷാസംഘത്തിൽ ഇടംപിടിച്ചു. 2020ൽ ജനറൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ട സംഭവത്തിൽ ഇറാന് ട്രംപ് ഭരണകൂടത്തോടു പകയുണ്ട്. ഇറേനിയൻ വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്ന ഖുദ്സ് ഫോഴ്സിന്റെ തലവനായിരുന്ന സുലൈമാനി ഇറാക്കി തലസ്ഥാനമായ ബാഗ്ദാദിൽ മിസൈൽ ആക്രമണത്തിലാണു മരിച്ചത്. ട്രംപാണ് വധത്തിന് ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന മൈക് പെൻസ്, സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ തുടങ്ങിയവരും ഇറാന്റെ ഭീഷണി നേരിട്ടിരുന്നു. ട്രംപ് സർക്കാരിലെ അംഗങ്ങൾക്കുള്ള ഭീഷണി വർഷങ്ങളായി നിരീക്ഷിച്ചുവരികയാണെന്നാണു വൈറ്റ്ഹൗസ് ദേശീയ സുരക്ഷാസമിതി വക്താവ് അഡ്രിയാൻ വാട്സൺ പറഞ്ഞത്. നവംബറിലെ തെരഞ്ഞെടുപ്പിനു മുന്പ് ട്രംപിനെ ഇല്ലാതാക്കാനാണ് ഇറാന്റെ ശ്രമമെന്നും വരുന്ന ആഴ്ചകളിൽ വധശ്രമങ്ങൾ ഉണ്ടാകാമെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ പ്രതികരിച്ചു. ജൂൺ മുതൽ ട്രംപ് കനത്ത സുരക്ഷയിലാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, ഇത്ര ശക്തമായ സുരക്ഷയുണ്ടായിട്ടും പെൻസിൽവേനിയയിൽ ട്രംപിനു വെടിയേറ്റതു വലിയ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
Source link