ദുരന്ത നിവാരണത്തിന് ജില്ലയ്ക്ക് ഒരു കോടി വീതം:മന്ത്രിരാജൻ
തൃശൂർ:ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എല്ലാ ജില്ലകൾക്കും ഒരോ കോടി രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. വില്ലേജ് ഓഫീസുകൾ അടിയന്തരമായി ചെലവഴിക്കാൻ 25000 രൂപയും അനുവദിച്ചു.
രണ്ടു ദിവസത്തിന് ശേഷം വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കും. നിലവിലെ ന്യൂനമർദ്ദം കുറയുമെങ്കിലും 19 മുതൽ മറ്റൊരു ന്യൂനമർദ്ദം രൂപപെടുന്നുണ്ട്. ഇത് ഓഗസ്റ്റ് മൂന്ന് വരെ തുടർന്നേക്കും. പ്രളയസാദ്ധ്യത ഇല്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.
മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച കളക്ടർമാരുടെ ഓൺലൈൻ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 ദുരിതാശ്വാസ ക്യാമ്പുകൾ മാത്രമാണ് തുറന്നിട്ടുള്ളത്.13 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിക്കുന്നതിനുള്ള സംവിധാനം സജ്ജമാണ്. എല്ലാ ക്യാമ്പുകളുടെയും തലവനായി ഒരു റവന്യൂ ഉദ്യോഗസ്ഥനെ നിയമിക്കണ നിർദേശം നൽകിയിട്ടുണ്ട്.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. എൻ.ഡി.ആർ.എഫിന്റെ 9 ടീമുകൾ സംസ്ഥാനത്തുണ്ട്. രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിൽ പുതിയ ഹോട്ട് സ്‌പോട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ ജില്ലകളിൽ അപകട സാദ്ധ്യതയുള്ള പുതിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എ.ഡി.എം ടി. മുരളിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Source link