മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം; ഇടുക്കിയിൽ പുഴയിൽ വീണ് 20കാരൻ മരിച്ചു
തിരുവനന്തപുരം: വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മര്യനാട് ഇന്നുരാവിലെയാണ് സംഭവം. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്.
മത്സ്യബന്ധനത്തിനായി പോയ വള്ളമാണ് മറിഞ്ഞത്. കരയ്ക്ക് അൽപംമാത്രം ദൂരെയായി വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടെങ്കിലും അലോഷ്യസ് അവശനായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതലപ്പൊഴിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരെയാണ് മര്യനാട്. ശക്തമായ തിരമാലയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ, ഇടുക്കിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. ഇടുക്കി മാങ്കുളത്ത് ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. താളുങ്കണ്ടംകുടി സ്വദേശി സനീഷ് (20) ആണ് മരിച്ചത്. കനത്ത മഴയിൽ വഴി കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്. കാൽവഴുതി പുഴയിലേയ്ക്ക് വീഴുകയായിരുന്നു.
കനത്ത മഴയിൽ മരം കടപുഴകി കാറിനുമുകളിൽ വീണ് യുവതി മരിച്ചു. തിരുവനന്തപുരം വഴയില ആറാംകല്ലിലാണ് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കാറിൽ യാത്ര ചെയ്‌തിരുന്ന തൊളിക്കോട് സ്വദേശി മോളി(42)യാണ് മരിച്ചത്. യുവതിക്കൊപ്പമുണ്ടായിരുന്ന ഭർത്താവിന് പരിക്കേറ്റു. എന്നാൽ ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വലിയ ആൽമരം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാർ നിശ്ശേഷം തകർന്നു.
മരം വീണയുടൻ തന്നെ യുവതിയുടെ ഭർത്താവിന് പുറത്തിറങ്ങാൻ കഴിഞ്ഞു. എന്നാൽ മോളിയ്‌ക്ക് സാധിച്ചില്ല. കാർ വെട്ടിപ്പൊളിച്ച ശേഷമാണ് മോളിയെ പുറത്തെടുത്തത്. ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link