5000 കോടിയുടെ അംബാനി കല്യാണത്തിന് രാഹുലും പ്രിയങ്കയും എന്തുകൊണ്ട് പങ്കെടുത്തില്ല; കാരണങ്ങൾ

അയ്യായിരം കോടി രൂപ മുടക്കി ലോകത്തെ മുഴുവൻ ഞെട്ടിച്ച അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങൾ ഇന്ന് അവസാനിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിരുന്നിൽ ഹോളിവുഡ്, ബോളിവുഡ് താരങ്ങളും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ശനിയാഴ്ച നടന്ന ശുഭ് ആശീർവാദ ചടങ്ങിൽ ദമ്പതികളെ ആശീർവദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു. കൂടാതെ എൻസിപിയുടെ ശരദ് പവാർ, ആർജെഡിയുടെ ലാലു പ്രസാദ്, എസ്പിയുടെ അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് സഖ്യകക്ഷികളും മുംബയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു.

എന്നാൽ ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയവരാരും തന്നെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ്, മുകേഷ് അംബാനി സോണിയാ ഗാന്ധിയെ ഡൽഹിയിലെ ജൻപഥിലെ അവരുടെ വസതിയിൽ സന്ദർശിച്ച് എല്ലാവരെയും മകന്റെ വിവാഹത്തിന് വ്യക്തിപരമായി ക്ഷണിച്ചിരുന്നു. എന്നാൽ ആരും പങ്കെടുത്തില്ല. എന്തുകൊണ്ടാവാം രാഹുൽ ഗാന്ധി വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാത്തത്?

മുകേഷ് അംബാനിയുടെ ക്ഷണം സ്വീകരിച്ച സോണിയ ഗാന്ധി ദമ്പതികളെ ആശംസ അറിയിച്ച് രേഖാമൂലമുള്ള സന്ദേശം അയച്ചതായി പാർട്ടി വൃത്തങ്ങൾ പറയുന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആഡംബര വിവാഹത്തിൽ ഗാന്ധി കുടുംബത്തിലെ ആരും പങ്കെടുക്കാത്തത് ആഴത്തിലുള്ള രാഷ്ട്രീയവും ധാർമ്മികവുമായ സന്ദേശം നൽകുന്നതിന് വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നു. ഇതിലൂടെ പൊതുജീവിതത്തിൽ തങ്ങളുടെ പ്രതിബദ്ധത അറിയിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി ചടങ്ങിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തെന്ന് ആരാഞ്ഞപ്പോൾ ഛത്തീസ്ഗഢിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ചന്ദൻ യാദവ് പറഞ്ഞത് ഇങ്ങനെയാണ്, ‘അംബാനിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും അതൊരു അഭിമാനമായി കാണുന്നു. ആഴത്തിലുള്ള രാഷ്ട്രീയവും ധാർമ്മികവുമായ സന്ദേശം നൽകുന്നതിന് വേണ്ടിയാണ് ഗാന്ധി കുടുംബത്തിലുള്ള ആരും വിവാഹത്തിൽ പങ്കെടുക്കാതിരുന്നത്. അവരുടെ നിലപാടിനെ ജനങ്ങൾ അഭിനന്ദിക്കുകയാണ്. ജവഹർലാൽ നെഹ്റുവിന്റെ പിതാവ് മോത്തിലാൽ നെഹ്റുവിന്റെ കാലം മുതൽ നെഹ്റു-ഗാന്ധി കുടുംബം പൊതുജീവിതത്തിലും ജനങ്ങളുടെ ക്ഷേമത്തിലും പ്രതിജ്ഞാബദ്ധമാണ്.

ആരെയും ഭയക്കാതിരിക്കുക, ഒരുതരത്തിലുള്ള വശീകരണത്തിനും മുന്നിൽ തലകുനിക്കാതിരിക്കുക എന്നത് ആ കുടുംബത്തിലെ ഒരു പാരമ്പര്യമാണ്. നെഹ്റു- ഗാന്ധി കുടുംബം രാഷ്ട്രീയമാണ് തങ്ങളുടെ തൊഴിലായി തിരഞ്ഞെടുത്തത്. ഉയർന്ന ധാർമ്മിക നിലവാരം നിലനിർത്താൻ അവർ എപ്പോഴും ബുദ്ധിമുട്ടുള്ള തീരുമാനങ്ങളാണ് എടുത്തിരുന്നത്. മുമ്പ് രാഹുൽ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ലോക്‌സഭ പ്രതിപക്ഷ നേതാവാണ്. രാജ്യത്തെ രണ്ട് വ്യവസായികൾക്ക് അനുകൂലമായ നിലപാട് എടുത്തതിന് രാഹുൽ പ്രധാനമന്ത്രിയെ ഉന്നം വച്ചിരുന്നു’.

ഇതോടൊപ്പം ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗവും ചന്ദൻ യാദവ് എടുത്തുപറഞ്ഞു. അംബാനിക്കും അദാനിക്കും മറ്റ് രാഷ്ട്രീയ പാർട്ടിക്കാരെയും മാദ്ധ്യമസ്ഥാപനങ്ങളെയും വിലയ്ക്ക് വാങ്ങിയിട്ടുണ്ടാകും. പക്ഷേ, അവർക്ക് ഒരിക്കലും എന്റെ സഹോദരൻ രാഹുലിനെ വാങ്ങാൻ കഴിയില്ല, ഗാന്ധി കുടുംബം ഒരിക്കലും ആരുടെയും സ്വാധീനത്തിന് വിധേയമാകില്ല’- എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

‘ഹത്രാസ്, അഹമ്മദാബാദ്, അസം, മണിപ്പൂർ എന്നിവിടങ്ങളിലെ വിവിധ ദുരന്തങ്ങളിൽ ഇരയായവർക്കൊപ്പം രാഹുൽ ഗാന്ധി സമയം ചെലവഴിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനി കുടുംബത്തിലെ വിവാഹം ആഘോഷങ്ങളിൽ പങ്കെടുത്ത് നടക്കുകയാണ്. ഇതുവരെയായിട്ടും സംഘർഷഭരിതമായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല’- ചന്ദൻ യാദവ് പറഞ്ഞു.

രാഹുൽ ഗാന്ധി വിവാഹത്തിൽ പങ്കെടുക്കാത്തത് എന്താണെന്ന ചോദ്യത്തിന് ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സന്ദീപ് കുമാറും പ്രതികരിച്ചു. ‘അംബാനിയുടെ വിവാഹത്തിന് പോകേണ്ടതില്ലെന്ന തീരുമാനം ഗാന്ധി കുടുംബത്തിന്റേതാണെന്നും അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ശരിയല്ല. പക്ഷേ, അവർ എപ്പോഴും പ്രസംഗിക്കുന്നത് ശീലിക്കുകയും എല്ലാറ്റിനുമുപരിയായി സാധാരണക്കാരുടെ താൽപ്പര്യം നിലനിർത്തുകയും ചെയ്തുവെന്ന് എനിക്ക് പറയാൻ കഴിയും’- സന്ദീപ് കുമാർ പറഞ്ഞു.

‘പ്രമുഖ വ്യവസായി സുബ്രതാ റോയ് സഹാറയുടെ മക്കളുടെ വിവാഹത്തിൽ മിക്ക രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത സമയത്ത് സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. ജവഹർലാൽ നെഹ്റു- കമല നെഹ്റു, ഇന്ദിരാഗാന്ധി- ഫിറോസ് ഗാന്ധി, സോണിയ ഗാന്ധി- രാജീവ് ഗാന്ധി, പ്രിയങ്ക ഗാന്ധി -റോബർട്ട് വാദ്ര എന്നിവരുടെ വിവാഹങ്ങൾ എല്ലാം തന്നെ ലളിതമായിരുന്നു. തങ്ങളുടെ വിവാഹം ലളിതവും സ്വകാര്യവുമായ ഒരു കാര്യമായി സൂക്ഷിക്കുന്നവരാണ് ഗാന്ധി കുടുംബമെന്ന് പാർട്ടിയിലെ പ്രവർത്തകർ പറഞ്ഞു.


Source link
Exit mobile version