‘വന്ദേഭാരത് എക്‌സ്‌പ്രസിന് എന്താണ് സംഭവിച്ചത്?’: പ്രചരിക്കുന്ന വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം

ന്യൂഡൽഹി: കഴിഞ്ഞ മാസമാണ് പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് അപകടത്തിൽപ്പെട്ട് ഒമ്പത് പേർ മരണപ്പെട്ടത്. 30 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ അപകടത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇന്ത്യയിൽ അടുത്തിടെ സർവീസ് ആരംഭിച്ച വന്ദേഭാരത് എക്സ്പ്രസ് കോച്ചുകൾ അപകടത്തിൽപ്പെട്ടെന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്.

നരേഷ് ബിഹാരി ഓഫീഷ്യൽ എന്ന പേരുള്ള സോഷ്യൽ മീഡിയ പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇയാൾക്ക് 13,000 കൂടുതൽ ഫോളോവേഴ്സുമുണ്ട്. വന്ദേഭാരതിന് എന്താണ് സംഭവിച്ചത്? എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ തലക്കെട്ട്. വീഡിയോയിൽ വന്ദേഭാരത് കോച്ചുകളുടെ നിറത്തിന് സമാനമായ ഒരു ട്രെയിനാണ് ഉണ്ടായിരുന്നത്. നിരവധി പേർ ഈ വീഡിയോ ഷെയർ ചെയ്തു. എന്നാൽ ഇത് ഇന്ത്യയിൽ സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസാണോ?

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിവിധ ദേശീയ മാദ്ധ്യമങ്ങളുടെ ഫാക്ട് ചെക്ക് വിഭാഗം പരിശോധന ആരംഭിച്ചു. ഇന്ത്യ ടിവി ചിത്രങ്ങളുടെ സ്‌ക്രീൻ ഷോട്ട് ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും ലഭിച്ചു. ഒരു ലിങ്ക് പരിശോധിച്ചപ്പോൾ ചിലിയിൽ നടന്ന ട്രെയിൻ അപകടമാണിതെന്ന് മനസിലായത്. രണ്ട് പേർക്ക് മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാസഞ്ചർ ട്രെയിൻ കാർഗോ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് ശേഷം രക്ഷാ പ്രവർത്തനം നടത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

വീഡിയോയുടെ സത്യാവസ്ഥ
2024 ജൂൺ 20ന് സൗത്ത് അമേരിക്കയിലെ ചിലിയിൽ നടന്ന അപകടത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വന്ദേഭാരതാണെന്ന പേരിൽ പ്രചരിക്കുന്നത്. ഇന്ത്യയുടെ വന്ദേ ഭാരത് ട്രെയിനിനോട് സാമ്യമുള്ള വെള്ള നിറത്തിലുള്ള ട്രെയിനാണ് ചിലിയിലുണ്ടായ അപകടത്തിൽപ്പെട്ടത്. ചിലിയൻ ട്രെയിൻ അപകടത്തിന്റെ വീഡിയോ വന്ദേ ഭാരത് ട്രെയിനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് പ്ലാറ്റ്‌ഫോമിൽ ഷെയർ ചെയ്യുകയായിരുന്നു.

സംഭവത്തിൽ ഒന്നുകൂടി വ്യക്തത വരുത്താൻ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്റെ ( എപി) വീഡിയോയും പരിശോധിച്ചു. എപിയുടെ യൂട്യൂബ് ചാനലിൽ ഈ വീഡിയോ പബ്ലിഷ് ചെയ്തിട്ടുണ്ട്. 2024 ജൂൺ 20ന് ആണ് വീഡിയോ എപി പ്രസിദ്ധീകരിച്ചത്. വന്ദേ ഭാരത് ട്രെയിൻ അപകടത്തിൽപ്പെട്ടെന്ന് അവകാശപ്പെട്ട് ‘നരേഷ് ബിഹാരി ഒഫീഷ്യൽ’ പങ്കുവെച്ചത് പൂർണ്ണമായും തെറ്റാണ്. ഒരു വന്ദേ ഭാരത് ട്രെയിനും ഇത്തരമൊരു അപകടത്തിൽപ്പെട്ടിട്ടില്ല.


Source link
Exit mobile version