KERALAMLATEST NEWS

‘ആസിഫ് അലിയാണ് പുരസ്‌കാരം നൽകുന്നതെന്ന് അറിഞ്ഞില്ല’; കരുതിക്കൂട്ടി കൈ തട്ടി മാറ്റിയതല്ലെന്ന് രമേശ് നാരായണൻ

കൊച്ചി: നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തിൽ മറുപടിയുമായി സംഗീത സംവിധായകൻ രമേശ് നാരായണൻ. മൊമന്റോ നൽകവെ ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയത് മനഃപ്പൂർവമല്ലെന്നും സംവിധായകൻ ജയരാജുകൂടെ അവിടെ വരണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് രമേശ് നാരായണൻ പറഞ്ഞു. ഒരാളെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘ആസിഫ് അലിയാണ് തനിക്ക് പുരസ്‌കാരം നൽകുന്നതെന്ന് അറിഞ്ഞിരുന്നില്ല. അവിടെയുള്ള ശബ്ദം കാരണം മൈക്കിലൂടെ അനൗൺസ് ചെയ്തത് കൃത്യമായി കേൾക്കാൻ സാധിച്ചിരുന്നില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. പക്ഷേ, വേദിയിൽ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോൾ എന്നെ വിളിച്ചില്ല. അത് എന്നിൽ വിഷമമുണ്ടാക്കി’- രമേശ് നാരായണൻ പറഞ്ഞു.

‘മൊമന്റോ തരാനാണ് ആസിഫ് ഓടിവന്നത് എന്ന് എനിക്കറിയില്ല. എനിക്ക് വലുപ്പച്ചെറുപ്പമില്ല. ഞാൻ വേദിയിൽ അല്ല നിന്നത്. വേദിയിൽ ആണെങ്കിൽ എനിക്ക് ഒരാൾ വരുന്നത് മനസിലാക്കാമായിരുന്നു. താഴെയായിരുന്നു ഞാൻ നിന്നത്. ആരെയും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഞാൻ ചെറിയ ആളാണ്. ഞാൻ ഒന്നുമല്ല. എന്റെ പേരിൽ തെറ്റിദ്ധാരണ വന്നതിൽ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റു പറ്റിയെങ്കിൽ മാപ്പ് ചോദിക്കും. മാപ്പ് ചോദിക്കാൻ എനിക്ക് ഒരു മടിയുമില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാൻ എനിക്ക് പറ്റില്ല’- രമേശ് നാരായണൻ പറഞ്ഞു.


Source link

Related Articles

Back to top button