‘പൊതുവേദിയിൽ വേണ്ട, കുടുംബത്ത് കാണിച്ചാൽ മതി; അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ..’
കൊച്ചി: നടൻ ആസിഫ് അലിയെ സംഗീത സംവിധായകൻ രമേശ് നാരായണൻ പൊതുവേദിയിൽ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരിച്ച് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണെന്ന് മഞ്ജുവാണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
മഞ്ജുവാണിയുടെ വാക്കുകളിലേക്ക്…
ആസിഫ് അലിയെക്കാൾ മേന്മ ജയരാജിൽ രമേഷ് നാരായണൻ കാണുന്നതിൽ എന്താ തെറ്റ്? ഒരു തെറ്റുമില്ല, അത് പക്ഷെ അങ്ങേരുടെ കുടുംബത്ത് കാണിച്ചാൽ മതി എന്ന് മാത്രം. ഒരു പൊതു വേദിയിൽ ഇത്തരം ഇടപെടലുകൾ തീർച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യർക്കിടയിൽ കലയുടെ പേരിൽ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏർപ്പാടാണ്. അല്ലെങ്കിൽ അത്രമേൽ ദ്രോഹം ഒരുവൻ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതൻ ആസിഫ് അല്ല, രമേശാണ് രമേശാ…
എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഒമ്പത് ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു രമേശ് നാരായണൻ ആസിഫ് അലിയെ അപമാനിച്ചത്. പുരസ്കാരം നൽകാൻ വന്ന ആസിഫ് അലിയുടെ മുഖത്ത് പോലും നോക്കാതെ അത് വാങ്ങി ജയരാജിന് കൈമാറുകയായിരുന്നു. തുടർന്ന് ജയരാജ് രമേശ് നാരായണന് പുരസ്കാരം നൽകുകയായിരുന്നു.
എന്നാൽ താൻ ആസിഫ് അലിയെ മനപ്പൂർവം അപമാനിച്ചതെന്നും അങ്ങനെ തോന്നിയെങ്കിൽ ക്ഷമ ചോദിക്കുകയാണെന്നുമാണ് രമേശ് നാരായണൻ പ്രതികരിച്ചത്. ‘മൊമന്റോ തരാനാണ് ആസിഫ് ഓടിവന്നത് എന്ന് എനിക്കറിയില്ല. എനിക്ക് വലുപ്പച്ചെറുപ്പമില്ല. ഞാൻ വേദിയിൽ അല്ല നിന്നത്. വേദിയിൽ ആണെങ്കിൽ എനിക്ക് ഒരാൾ വരുന്നത് മനസിലാക്കാമായിരുന്നു. താഴെയായിരുന്നു ഞാൻ നിന്നത്. ആരെയും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഞാൻ ചെറിയ ആളാണ്. ഞാൻ ഒന്നുമല്ല. എന്റെ പേരിൽ തെറ്റിദ്ധാരണ വന്നതിൽ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ്. ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റു പറ്റിയെങ്കിൽ മാപ്പ് ചോദിക്കും. മാപ്പ് ചോദിക്കാൻ എനിക്ക് ഒരു മടിയുമില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബർ ആക്രമണത്തിൽ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാൻ എനിക്ക് പറ്റില്ല’ രമേശ് നാരായണൻ പറഞ്ഞു.
Source link