കുന്നത്തൂർ: കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈർ (49) പിടിയിൽ. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശനിയാഴ്ച രാത്രി മാവേലിക്കര പൊലീസാണ് പക്കിയെ പിടികൂടിയത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അതിനിടെ കാരാളിമുക്കിലെ മോഷണവുമായി ബന്ധപ്പെട്ട് പക്കി സുബൈറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് കോടതിയെ സമീപിക്കുമെന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു.
ജൂൺ 29ന് പുലർച്ചെ 2 ഓടെ കാരാളിമുക്കിൽ മോഷണം നടത്തിയ ശേഷം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി പോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.മുല്ലമംഗലം സ്റ്റോഴ്സ്,ടെക്സറ്റയിൽസ്,വഴിയോരക്കട, ഫ്രണ്ട്സ് റെസ്റ്റോന്റ്,ഭാരത് ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇടനേരം എന്ന റസ്റ്റോറന്റിന്റെ പൂട്ട് തകർത്ത് അകത്ത് കയറാനുള്ള ശ്രമം വിജയിച്ചില്ല. മുല്ലമംഗലം ടെക്സറ്റയിൽസിൽ നിന്ന് ഒരു ജോഡി വസ്ത്രമാണ് കവർന്നത്.
അടിവസ്ത്രം മാത്രം ധരിച്ചാണ് മോഷണം നടത്തുന്നത്. കാരാളിമുക്കിൽ മോഷണം നടത്തുന്നതിനിടെ കടയുടെ ഗ്ലാസ് പൊട്ടി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ മോഷണം നടക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ മാരാരിത്തോട്ടത്തും ഇയാൾ എത്തിയിരുന്നതായി സൂചനയുണ്ട്. കരുനാഗപ്പള്ളിയിലെ ഹോട്ടൽ ഉടമയുടെ വീടിന്റെ പരിസരത്ത് കയറിയെങ്കിലും മോഷണം നടന്നില്ല. മോഷ്ടാവ് നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.
മോഷണം ലോട്ടറിയെടുക്കാൻ
വയനാട് വെള്ളമുണ്ട തരുവണ കരിങ്ങേരി സ്വദേശിയായ സുബൈർ ഇപ്പോൾ ശൂരനാട് വടക്ക് തെക്കുംമുറിയിലാണ് താമസം. മോഷണത്തിലൂടെ ലഭിക്കുന്ന പണം കൊണ്ട് ലോട്ടറി എടുക്കുകയാണ് സുബൈറിന്റെ ഇഷ്ട വിനോദം. വഴിയോര കച്ചവടക്കാരിൽ നിന്ന് മുഴുവൻ തുകയും നൽകി ലോട്ടറി മൊത്തമായി എടുക്കുകയാണ് പതിവ്. മോഷണം നടത്തുന്നത് തന്നെ ഇതിനു വേണ്ടിയാണെന്നാണ് പറയപ്പെടുന്നത്.
Source link