ബാൻഡേജുമായി ട്രംപ്; അണികൾക്ക് ആവേശം
വിസ്കോൺസിൻ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു. മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒഹായോയിൽനിന്നുള്ള യുഎസ് സെനറ്ററായ ജെ.ഡി. വാൻസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ശനിയാഴ്ച വധശ്രമത്തെ അതിജീവിച്ച ട്രംപ് തിങ്കളാഴ്ച വൈകുന്നേരം കൺവെൻഷൻ വേദിയിൽ എത്തിയപ്പോൾ അത്യാവേശകരമായ സ്വീകരണമാണു ലഭിച്ചത്. വെടിയേറ്റ വലത്തേ ചെവിയിൽ ബാൻഡേജുമായി വന്ന ട്രംപിനെ കണ്ടപ്പോൾ അനുയായികളിൽ പലരും കണ്ണീരൊഴുക്കി. കൺവെൻഷന്റെ ആദ്യദിന പരിപാടിയിൽ ട്രംപിന്റെ പേര് ഇല്ലായിരുന്നുവെങ്കിലും അദ്ദേഹം എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. ട്രംപ് വേദിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇടയ്ക്കിടെ അനുയായികൾക്കിടയിലേക്കു ചെന്ന് നന്ദി അറിയിച്ചുകൊണ്ടിരുന്നു. നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡനാണ് ട്രംപിന്റ എതിരാളി. ബൈഡനുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിൽ മികച്ചുനിന്നതും നിയമപോരാട്ടങ്ങളിലെ ജയവുമെല്ലാം ട്രംപിനു വിജയപ്രതീക്ഷകൾ നല്കുന്നു. പ്രസിഡന്റായിരിക്കേ ഔദോഗിക രഹസ്യരേഖകൾ ഫ്ലോറിഡയിലെ വസതിയിൽ സൂക്ഷിച്ചതിന് ട്രംപിനെതിരേ ചുമത്തിയ ക്രിമിനൽ കേസ് കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസ് (39) ഗർഭച്ഛിദ്രം നിരോധിക്കണമെന്നതടക്കമുള്ള നിലപാടുകൾ പുലർത്തുന്നയാളാണ്. ഭാര്യ ഉഷ വാൻസ്(38) ഇന്ത്യൻ വംശജയാണ്. യേൽ യൂണിവേഴ്സിറ്റി വിദ്യാർഥികളായിരിക്കേയാണ് ഇരുവരും അടുപ്പത്തിലായത്.
Source link