യൂറോയും കോപ്പയും വിംബിൾഡണും ലോകകപ്പ് ക്രിക്കറ്റുമെല്ലാം പെയ്തൊഴിഞ്ഞു… കായികനീലിമയിൽ തെളിയാനൊരുങ്ങി 2024 പാരീസ് ഒളിന്പിക്സ്. 33-ാം ഒളിന്പിക്സ് മാമാങ്കത്തിനായി ഇനിയുള്ളത് വെറും ഒന്പതു ദിനങ്ങൾ മാത്രം… 20k കിഡ്സിന്റെ ഒളിന്പിക് ലോകത്തെ സൂപ്പർ ഹീറോ ഭൂഗോളത്തിലെ ഏറ്റവും വേഗമുള്ള മനുഷ്യനായ ഉസൈൻ ബോൾട്ട്. 2012 ലണ്ടൻ ഒളിന്പിക്സിൽ 9.63 സെക്കൻഡിൽ ബോൾട്ട് 100 മീറ്റർ ഫിനിഷ് ചെയ്തപ്പോൾ കായികലോകം ആവേശത്തിന്റെ കൊടുമുടിയിലായി. 100 മീറ്ററിൽ ഒളിന്പിക്സിൽ ഇനി ഏറെക്കാലം ഈ റിക്കാർഡ് മായാതെ കിടക്കുമെന്ന് അന്നുതന്നെ കുറിക്കപ്പെട്ടു… എന്നാൽ, ഇന്നത്തെ ശാന്തസുന്ദര ഒളിന്പിക്സല്ല വർഷങ്ങൾ പിന്നോട്ടോടിയാൽ മുഖാമുഖമെത്തുക. കറുപ്പിന്റെ വെറുപ്പിനെതിരേ പോരാടിയ ധീരന്മാരുടെ വേദിയായിരുന്നു ഒളിന്പിക്സ്… സംഭവബഹുലമായ 1968 ഒളിന്പിക്സിൽ ബോംബായി ജംപ് പിറ്റിലേക്ക് നീണ്ടുചാടിയ താരമുണ്ട്, അമേരിക്കയുടെ ബോബ് ബീമണ്. പുരുഷ ലോംഗ്ജംപിൽ ബീമണ് അന്നു കുറിച്ച റിക്കാർഡ് 56 വർഷമായി തകർക്കപ്പെടാതെ നിൽക്കുന്നു… ഒളിന്പിക്സ് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള റിക്കാർഡാണിത്. 1968 ഒളിന്പിക്സിലെ മിന്നും താരം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച അഞ്ച് ഒളിന്പിക് നിമിഷങ്ങളിൽ ഒന്നായിരുന്നു ബോബ് ബീമണ് 1968 മെക്സിക്കോ സിറ്റി ഒളിന്പിക്സിൽ 8.90 മീറ്റർ നീണ്ടുചാടിയത്. ലോംഗ്ജംപിൽ അമേരിക്കയുടെ ബീമണ് അന്നു കുറിച്ച ദൂരം പിൽക്കാലത്ത് ഒരു തവണ മാത്രമാണ് മറികടക്കപ്പെട്ടത്. 1991 ടോക്കിയോയിൽവച്ച് അമേരിക്കയുടെ മൈക്ക് പവൽ. 8.95 മീറ്ററാണ് മൈക്ക് പവൽ ചാടിയത്. ലോക റിക്കാർഡ് ബുക്കിൽ പവലിന്റെ പേരാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, ഒളിന്പിക് റിക്കാർഡിൽ ബോബ് ബീമണ് 1968ൽ കുറിച്ച 8.90 ഇന്നും തകർക്കപ്പെടാതെ നിൽക്കുന്നു. നാടുകടത്തപ്പെടുക, പീഡനത്തിന് ഇരയാകുക, അനാഥാലയത്തിൽ കഴിയുക… ഒരു മനുഷ്യജീവിതത്തിലെ എല്ലാ ദുരിതവും അനുഭവിച്ചായിരുന്നു ബീമണ് കായിക ലോകത്തേക്കെത്തിയത്. ബീമണിന്റെ അദ്ഭുത ജംപ് മാത്രമല്ലായിരുന്നു 1968 ഒളിന്പിക്സിന്റെ പ്രത്യേകത. പുരുഷ വിഭാഗം 200 മീറ്റർ സ്വർണ ജേതാവായ ടോമി സ്മിത്തും വെങ്കലം നേടിയ ജോണ് കാർലോസും മെഡൽ സ്വീകരിച്ചുകഴിഞ്ഞ് ബ്ലാക് പവർ സല്യൂട്ട് നടത്തിയതിനും ചരിത്രം സാക്ഷി. മെഡൽ ലേലം ചെയ്തു കഴിഞ്ഞ 56 വർഷമായി തകർക്കപ്പെടാത്ത ഒളിന്പിക്സ് മെഡൽ ഈ വർഷമാദ്യം ബോബ് ബീമണ് ലേലം ചെയ്തു. 2024 പാരീസ് ഒളിന്പിക്സിലേക്കുള്ള ദിനങ്ങൾ എണ്ണപ്പെട്ടുതുടങ്ങിയശേഷമായിരുന്നു ബീമണിന്റെ ചരിത്ര സ്വർണ മെഡൽ ലേലം ചെയ്തതെന്നതാണ് ശ്രദ്ധേയം. 4.41 ലക്ഷം ഡോളറിനാണ് (3.68 കോടി രൂപ) മെഡൽ ലേലത്തിൽ പോയത്. ‘ഇത്രയും നാൾ ഞാൻ ഇതു സ്വകാര്യമാക്കിവച്ചു. ഇനി ഇത് ലോകം കാണട്ടെ. ആർക്കെങ്കിലുമൊക്കെ പ്രചോദമാകുമെങ്കിൽ അങ്ങനെ സംഭവിക്കട്ടെ’- ഏഴുപത്തേഴുകാരനായ ബോബ് ബീമണ് ലേലത്തിനുശേഷം പറഞ്ഞു. 2024 പാരീസ് ഒളിന്പിക്സിൽ ബീമണിന്റെ റിക്കാർഡ് തകരുമോ…? ഇല്ലെന്നാണ് ഉത്തരമെങ്കിലും അദ്ഭുതങ്ങൾ സംഭവിക്കുമോയെന്നു കാത്തിരുന്നു കാണാം… ഗ്രീക്ക് താരം മിൽറ്റിയാഡിസ് ടെന്റോഗ്ലോ ജൂണ് എട്ടിനു കുറിച്ച 8.65 മീറ്ററാണ് ഈ സീസണിലെ ഇതുവരെയുള്ള മികച്ച ദൂരമെന്നതും ഇതിനോടു ചേർത്തുവായിക്കണം.
Source link