കോഴിക്കോട്ട് ഓട്ടോയിൽ കയറിയ വൃദ്ധയുടെ മാല കവർന്ന് റോഡിൽ തള്ളി; ഡ്രൈവറെ തെരഞ്ഞ് പൊലീസ്

കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ഓട്ടോയിൽ കയറിയ വൃദ്ധയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല കവർന്നതായി പരാതി. വയനാട് പുൽപ്പള്ളി സ്വദേശിനിയായ ആണ്ടുകാലായിൽ ജോസഫീന (68) ആണ് അജ്ഞാതനായ ഓട്ടോ ഡ്രൈവറുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. താടിയെല്ലിനുൾപ്പെടെ സാരമായി പരിക്കേറ്റ ജോസഫീനയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി.

കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെയാണ് ജോസഫീനയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. കായംകുളത്തുള്ള മകനെ സന്ദർശിച്ച് മലബാർ എക്‌സ്‌പ്രസ് ട്രെയിനിൽ തിരിച്ച് വന്നതായിരുന്നു ഇവർ. പുലർച്ചെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. തുടർന്ന് കെഎസ്‌ആർടിസി സ്റ്റാൻഡിലേക്ക് പോകാനായി റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങി നടന്നു. ഇതിനിടെ സമീപത്തെത്തിയ ഓട്ടോ ഡ്രൈവർ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ച് ഓട്ടോയിൽ കയറാൻ പറയുകയായിരുന്നു.

എന്നാൽ, ഇയാൾ സ്‌ത്രീയെ ബസ് സ്റ്റാൻഡിൽ എത്തിക്കാതെ മറ്റ് വഴികളിലൂടെ കറങ്ങുകയും സംശയം തോന്നി കാര്യം അന്വേഷിച്ചപ്പോൾ ഡ്രൈവർ സീറ്റിന്റെ പുറകിലൂടെ കൈയിട്ട് കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുക്കുകയും ചെയ്‌തു എന്നാണ് ജോസഫീന പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തുടർന്ന് ഇവരെ റോഡിലേക്ക് തള്ളിയിട്ടു. വീഴ്‌ചയുടെ ആഘാതത്തിൽ സ്‌ത്രീയുടെ താടിയെല്ല് പൊട്ടുകയും പല്ലുകൾ പൂർണമായും കൊഴിഞ്ഞ് പോവുകയും ചെയ്‌തു.

മുഖത്തും കൈക്കും പരിക്കേറ്റിട്ടുണ്ട്. തള്ളിയിട്ടശേഷം ഇയാൾ ഓട്ടോ നിർത്തി അടുത്ത് വന്ന് നോക്കിയതായും പിന്നീട് സ്ഥലത്ത് നിന്നും കടന്നുകളഞ്ഞതായും ജോസഫീന മൊഴി നൽകി. വഴിയാത്രക്കാരോട് സഹായം ആവശ്യപ്പെട്ടെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും സ്‌ത്രീ പറഞ്ഞു. ഒടുവിൽ കഷ്‌ടപ്പെട്ട് എഴുന്നേറ്റ് ബസ് സ്റ്റാൻഡിലെത്തി കോഴിക്കോട് കൂടരഞ്ഞിലുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു.

വിവരം അറിഞ്ഞതോടെ ഇവരാണ് ജോസഫീനയെ ആശുപത്രിയിൽ എത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ സ്‌ത്രീയെ ഇന്നലെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാക്കി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Source link

Exit mobile version