പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണം, ഗുരുദേവ കോളജ് വിഷയത്തിൽ പൊലീസിന് ഹൈക്കോടതി നിർദേശം

കൊച്ചി: സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിൽ പൊലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള കോളജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ നിർദേശം. കോളജ് അധികൃതരുടെ അനുമതി ഇല്ലാതെ പുറത്തുനിന്നുള്ളവരെ കോളജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
കോളജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്‌ചയാണ് കോളജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചത്. ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട തർക്കമായിരുന്നു സംഘർഷത്തിൽ കലാശിച്ചത്.
എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Source link