ഇനി ശ്രീരാമഭക്തി നിറയുന്ന കാലം … രാമായണ ശീലുകളുടെയും രാമദർശനത്തിന്റെയും പുണ്യകാലം… രാമായണം എന്നാൽ രാമന്റെ അയനം (യാത്ര) മാത്രമല്ല,രാമനിലേക്കുള്ള യാത്ര കൂടിയാണ്.
ഉത്തമ വ്യക്തിത്വത്തിലേക്കുള്ള യാത്രയാണ് രാമായണ പാരായണവും രാമക്ഷേത്ര ദർശനവും എന്നാണ് വിശ്വാസം. ഈ അത്യന്താധുനിക കാലത്തും അതാണ് രാമായണത്തിന്റെ പ്രസക്തി കൂട്ടുന്നത്. കർക്കടക മാസം മുഴുവൻ നീളുന്ന നാലമ്പല ദർശനവും മുടങ്ങാത്ത പാരായണവും രാമായണത്തെ കാലാതീതവും ഉത്കൃഷ്ടവുമാക്കുന്നു.
കർക്കടക മാസത്തിൽ നാലമ്പലദർശനം പുണ്യദായകമെന്നു വിശ്വാസം. ശ്രീരാമന്റെയും സഹോദരന്മാരായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നതിനെയാണു നാലമ്പലദർശനം എന്നു പറയുന്നത്.കർക്കടകത്തിലെ നാലമ്പല ദർശനം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. വിശ്വാസികൾക്ക് ഇത് പുണ്യ മാസമാണ്. ഒരേദിവസം നാലമ്പലദർശനം സാധ്യമാകുന്ന ക്ഷേത്രങ്ങൾ കേരളത്തിൽ പലയിടത്തുമുണ്ട്.
തൃശൂർ ജില്ലയിലെ തൃപ്രയാർ, ഇരിങ്ങാലക്കുടയിലെ കൂടൽ മാണിക്യം, മൂഴിക്കുളത്തെ ലക്ഷ്മണ ക്ഷേത്രം ,പായമ്മലിലെ ശത്രുഘ്നൻ ക്ഷേത്രം എന്നിവിടങ്ങളിലെ നാലമ്പല ദർശനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വാസം.
പണ്ട് കാലത്ത് ദൂരെ നിന്നുള്ള ഭക്തർക്ക് നാലമ്പല ദർശനം ദിവസങ്ങൾ നീളുന്ന യാത്രയായിരുന്നു.എന്നാൽ യാത്രാ സൗകര്യം മെച്ചപ്പെട്ടതോടെ ഒറ്റ ദിവസം കൊണ്ടുള്ള നാലമ്പല ദർശനം പ്രസിദ്ധമായി.
ദുരിതവും വറുതിയും നിറഞ്ഞ കാലമെങ്കിലും കർക്കടകം പുണ്യകരമാക്കാൻ നാലമ്പല ദർശനം ഏറ്റവും യോജിച്ചതെന്നാണ് വിശ്വാസം.രാമായണ പാരായണവും ക്ഷേത്ര ദർശനവും ഒക്കെയായി ചിങ്ങമാസത്തിന്റെ സമൃദ്ധിയിലേക്കുള്ള കാൽ വയ്പിനുള്ള കാത്തിരിപ്പു കൂടിയാണ് നാലമ്പല ദർശനവും രാമായണ മാസാചരണവും
നാടൊഴുകും; കർക്കടക പുണ്യം തേടി
കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനു ഇന്ന് കർക്കടകപ്പിറവിയിൽ തുടക്കമാവും. തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, എറണാകുളം ജില്ലയിലെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ഒരുക്കങ്ങളായി. കോട്ടയം ജില്ലയിലെ പാലായിലും മലപ്പുറം ജില്ലയിൽ രാമപുരത്തും കണ്ണൂർ ജില്ലയിലും എറണാകുളം ജില്ലയിലെ പിറവത്തും പാലക്കാട് – തൃശൂർ ജില്ലകളിലായും നാലമ്പലങ്ങൾ ഉണ്ട്.
ദർശന ക്രമം
തൃപ്രയാറിൽ ശ്രീരാമനെ ദർശിച്ചാണ് നാലമ്പല ദർശനത്തിനു തുടക്കം, കൂടൽമാണിക്യത്തിൽ ഭരതൻ, മൂഴിക്കുളത്ത് ലക്ഷ്മണൻ, പായമ്മലിൽ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദർശനം നടത്തേണ്ടത്.
നാലിടത്ത് ദർശന ശേഷം ഒരിക്കൽക്കൂടി തൃപ്രയാറിൽ ദർശനം നടത്തുന്നത് ഒട്ടേറെ ഭക്തരുടെ പ്രത്യേകതയാണ്. അപ്പോഴേ ദർശന ചക്രം പൂർത്തിയാവൂ എന്ന് കരുതുന്നവർ ഏറെയാണ്. വരിനിൽക്കാൻ പന്തലും അന്ന ദാനവും ശുദ്ധജലവും വമ്പൻ പാർക്കിങ് സംവിധാനവും സിസിടിവി അടക്കം സുരക്ഷാ സംവിധാനങ്ങളുമായാണ് 4 ക്ഷേത്രങ്ങളും ഭക്തരെ വരവേൽക്കുന്നത്.
തൃപ്രയാർ ശ്രീരാമക്ഷേത്രം
തൃപ്രയാർ ശ്രീരാമക്ഷേത്രം
നാലമ്പല തീർഥാടനത്തിനു തുടക്കമിടുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തോടെയാവണം. അതിനാൽ എല്ലായിടത്തു നിന്നുമുള്ള ഭക്തർ തൃപ്രയാറിൽ എത്തിയാണ് യാത്ര തുടങ്ങുന്നത്്. വലത്തേ കയ്യിൽ വില്ലും ഇടത്തേ കയ്യിൽ ശംഖുചക്രവുമായി പ്രതിഷ്ഠയുടെ സവിശേഷമായ ഭാവത്തിലാണ് തൃപ്രയാറിൽ ശ്രീരാമൻ. കന്നിമാസത്തിലെ തിരുവോണ നാളിൽ ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം എന്ന സേതുബന്ധനം ചടങ്ങ് മറ്റൊരു ശ്രീരാമ ക്ഷേത്രത്തിലുമില്ലാത്ത സവിശേഷ ചടങ്ങാണ്.വഴിപാടായി രാമായണത്തിലെ അഞ്ചാം കാണ്ഡമായ സുന്ദരകാണ്ഡം വായന നടക്കുന്നത് തൃപ്രയാറിലെ പ്രത്യേകതയാണ്. ശ്രീരാമന് അർപ്പിക്കുന്ന ഈ ചടങ്ങ് എല്ലാ ദിവസവും രാവിലെ 8.20 ന് നടക്കും.
ദർശന സമയം
പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ട്. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30 വരെയും ദർശനമുണ്ടാവില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം. എന്നാൽ വരിയിൽ ഭക്തരുണ്ടായാൽ എല്ലാവർക്കും ദർശനത്തിന് സൗകര്യമൊരുക്കും. വഴിപാടുകൾ 5 ദിവസം മുൻപ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്.ഫോൺ: 0487 2391375.
വഴിപാടുകൾ:
അവിൽ നിവേദ്യം, മീനൂട്ട്, വെടി, തട്ടം നിവേദ്യം,ശ്രീലകത്ത് സമ്പൂർണ നെയ് വിളക്ക്,നെയ്ക്കിണ്ടി, നിറമാല,സ്പെഷൽ പായസം, ചുറ്റുവിളക്ക്, ഭഗവതിസേവ എന്നിവ പ്രധാന വഴിപാടുകളാണ്.
വിപുലമായ ഒരുക്കം
4000 ഭക്തർക്ക് ഒരേ സമയം വരിനിന്നു തടസ്സമില്ലാതെ ദർശനം നടത്താം.ചുറ്റമ്പലത്തിൽ പന്തലും ബാരിക്കേഡുകളും തയാറായി. തെക്കേ നടയിൽ താൽക്കാലിക മേൽപാലം നിർമിച്ചിട്ടുണ്ട്. പന്തലിൽ ഫാനുകളും വിവിധ കേന്ദ്രങ്ങളിൽ 40 സിസിടിവിയും സ്ഥാപിച്ചു.
ദേവസ്വത്തിന്റെ രാമാലയം, ബംഗ്ലാവ്, സമുദായമഠം, ഡോർമിറ്ററി എന്നിവിടങ്ങളിൽ ദേഹശുദ്ധി വരുത്താൻ സൗകര്യമുണ്ട്.
ഉച്ചയ്ക്ക് ക്ഷേത്രം ഊട്ടുപുരയിൽ പ്രസാദമൂട്ട് നടക്കും. ദിവസവും രാവിലെ 10 വരെ സർക്കാർ ഡോക്ടറുടെ സേവനവും പുഴയിൽ നീന്തൽ വിദഗ്ധരുടെ സേവനവും ഉണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തൃപ്രയാറിലേക്ക് എറണാകുളത്ത് നിന്ന് ചാലക്കുടി വഴി പുതുക്കാട് സെന്ററിൽ നിന്ന് ഇടതു തിരിഞ്ഞ് പാഴായി, ഊരകം സെന്ററിൽ എത്തി ഇടത്തോട്ട് രാജാ കമ്പനി സ്റ്റോപ്പിൽ നിന്ന് വലത്തോട്ട് ഹെർമ്പർട്ട് കനാലിൽ എത്തി ഇടത്തോട്ട് 7 കി.മീ. തൃപ്രയാർ തൃശൂരിൽ നിന്ന് പാലയ്ക്കൽ, ചേർപ്പ്, പഴുവിൽ, പെരിങ്ങോട്ടുകര വഴിയും ഒളരി, കാഞ്ഞാണി ,വാടാനപ്പിള്ളി, തളിക്കുളം വഴിയും എത്താം. എറണാകുളത്തു നിന്ന് പറവൂർ, കൊടുങ്ങല്ലൂർ വഴിയും എത്താം വടക്കുനിന്ന് ചാവാക്കാട്, വാടാനപ്പള്ളി, തളിക്കുളം വഴിയും എത്താം.
കൂടൽമാണിക്യം ഭരതക്ഷേത്രം
കൂടൽമാണിക്യം ഭരതക്ഷേത്രം
ഭരത പ്രതിഷ്ഠയാൽ മഹാക്ഷേത്രമെന്നറിയപ്പെടുന്ന ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യത്തിലേക്കാണ് തൃപ്രയാറിൽ ശ്രീരാമ ദർശനം പൂർത്തിയാക്കി തീർഥാടകർ എത്തുന്നത്.
ദർശനം സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 3 വരെ. വൈകിട്ട് 5 മുതൽ 8.30 വരെ. തിരക്ക് കൂടുതലാണെങ്കിൽ നട അടയ്ക്കുന്നത് വൈകും. അവസാനത്തെ തീർഥാടകനും ദർശനം നടത്തിയതിന് ശേഷം മാത്രമേ നട അടയ്ക്കൂ.
ഒരുക്കം
ദർശനത്തിന് എത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ വിശാലമായ പന്തലുകൾ ഒരുക്കിയിട്ടുണ്ട്.വാഹന പാർക്കിങ്ങിന് കൊട്ടിലായ്ക്കൽ പറമ്പിനൊപ്പം മണിമാളിക പറമ്പും ഒരുക്കിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ തീർഥാടകർക്കു കഞ്ഞി വിതരണം ചെയ്യും.
ഫോൺ: 99617 44111.
വഴി
തൃപ്രയാർ – കൂടൽമാണിക്യം. പാലം കടന്ന് താന്ന്യം പഴുവിൽ കാട്ടൂർ വഴി എത്താം. (19 കി.മീ) ദേശീയപാതയിൽ എറണാകുളം റൂട്ടിൽ തുടങ്ങി മൂന്നുപീടിക എത്തി ഇടതുതിരഞ്ഞ് നേരേ ഇരിങ്ങാലക്കുട. (21 കി.മീ).
മൂഴിക്കുളം ലക്ഷ്മണക്ഷേത്രം
മൂഴിക്കുളം ലക്ഷ്മണക്ഷേത്രം
ദർശനത്തിന്റെ മൂന്നാമത്തെ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം.
കൂടൽമാണിക്യ ദർശനത്തിനു ശേഷം 30 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം.108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നു കരുതപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
ദർശന സമയം:
രാവിലെ 5 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം.
അവധി ദിനങ്ങളിൽ തിരക്ക് അനുസരിച്ച് 4.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
വഴിപാടുകൾ:
മുഴുക്കാപ്പ്, പാൽപ്പായസം
(അര ലീറ്റർ 80 രൂപ)
ഗണപതിക്ക് ഒറ്റയപ്പം (50 രൂപ)
ഉണ്ണിയപ്പം (50 രൂപ ) അവൽ നിവേദ്യം,
ശർക്കരപ്പായസം, എന്നിവ പ്രധാനം..
പാൽപായസം രാവിലെ മാത്രമേ ലഭിക്കൂ.
വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.
ഫോൺ: 8301882855
ഒരുക്കം : വിശാലമായ പന്തലും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്
വഴി : കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്ന് ഇരിങ്ങാലക്കുട ഠാണാവിലെത്തി വലത്തോട്ടു തിരിഞ്ഞ് വെള്ളാങ്ങല്ലൂരിലെത്തി ഇടത്തോട്ടുള്ള വഴി പോയാൽ കൊമ്പിടി-മാള-അന്നമനട – പൂവത്തുശേരി വഴി മൂഴിക്കുളത്ത് എത്താം.
പായമ്മൽ ശത്രുഘ്നക്ഷേത്രം
പായമ്മൽ ശത്രുഘ്നക്ഷേത്രം
നാലമ്പല ദർശനത്തിലെ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്ന ക്ഷേത്രം.
ദർശന സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 2 വരെ, വൈകിട്ട് 4.30 മുതൽ 9 വരെ. തീർഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും.
പ്രധാന വഴിപാടുകൾ
സുദർശന പുഷ്പാഞ്ജലി (50 രൂപ)
ശത്രുസംഹാര മന്ത്രാർച്ചന (50 രൂപ)
സുദർശന ചക്രം നടയ്ക്ക്
സമർപ്പിക്കൽ ( 10 രൂപ)
പൂജിച്ച സുദർശന ചക്രം (501 രൂപ)
ഗൂഗിൾ പേ സംവിധാനമുണ്ട്.
വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാൻ സംവിധാനമുണ്ട്.
ഫോൺ: ദേവസ്വം ഓഫിസ് 9446571668
ഒരുക്കങ്ങൾ : വരി നിൽക്കാനും മറ്റും പന്തലുകൾ തയാറായി. പാർക്കിങ്ങിനു മൈതാനങ്ങൾ ഒരുക്കി. ഒരു മൈതാനം കാർ അടക്കമുളള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമായി നീക്കിവച്ചു.
വഴി : മൂഴിക്കുളം ക്ഷേത്രത്തിൽ നിന്ന് പായമ്മലിലേക്ക് മൂഴിക്കുളം ജംക‌്ഷഷനിൽ നിന്ന് പൂവത്തുശേരിയിലെത്തി അന്നമനട- കുമ്പിടി വഴി മാള റോഡിൽ പ്രവേശിച്ച ശേഷം വെള്ളാങ്ങല്ലൂരിലെത്തി പായമ്മൽ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്യാം. 29 കിലോമീറ്റർ ദൂരം
അന്നദാനം: സാധാരണ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ 2 വരെ അയ്യായിരം പേർക്കും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 11.30 മുതൽ 2.30 വരെ പതിനായിരം പേർക്കും അന്നദാനം നടക്കും.
Source link