ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുടെ സഹ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസെടുത്ത് പൊലീസ്. അനുവദനീയമായ സമയപരിധി ലംഘിച്ച് പ്രവർത്തിച്ചതിനാണ് കൊഹ്‌ലിയുടെ വൺ8 കമ്യൂൺ പബിനെതിരെ കേസെടുത്തത്. വൺ8 കമ്യൂണടക്കം നാല് പബുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബംഗളൂരു കബൺ പാർക്കിന് സമീപം രത്നം കോംപ്ളക്‌സിലാണ് പബ് പ്രവർത്തിക്കുന്നത്. ബംഗളൂരു നഗരത്തിൽ അർദ്ധരാത്രി ഒരുമണിവരെയാണ് പബുകൾക്ക് പ്രവർത്തനാനുമതിയുള്ളത്. ജൂലായ് ആറിന് രാത്രി ഒന്നരയോടെ കബൺ പാർക്ക് പൊലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ചില പബുകൾക്ക് സമയപരിധി കഴിഞ്ഞും പ്രവർത്തിക്കുന്നത് കണ്ടെത്തിയത്. പബിനെതിരെ കേസെടുത്ത പൊലീസ് മാനേജർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
ഡൽഹിയിലും മുംബയിലും വൺ8 കമ്യൂണിന് ബ്രാഞ്ചുകളുണ്ട്. ഈ നഗരങ്ങളിലെ പബിന്റെ വിജയത്തിനുശേഷമാണ് കഴിഞ്ഞവർഷം ഡിസംബറിലാണ് വൺ8 കമ്യൂൺ ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചത്. തനിക്കേറെ പ്രിയപ്പെട്ട നഗരമാണ് ബംഗളൂരുവെന്നും അതിനാലാണ് ഇവിടെ പബ് ആരംഭിച്ചതെന്നും മുൻപ് കൊഹ്‌ലി പറഞ്ഞിട്ടുണ്ട്. കൂടാതെ ഐപിഎൽ ആരംഭിച്ചതുമുതൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർസിബി) ഭാഗമാണ് കൊഹ്‌ലി. അടുത്തിടെ ഹൈദരാബാദിലും പബ് പ്രവർത്തനം ആരംഭിച്ചിരുന്നു.
Source link