KERALAMLATEST NEWS

തലസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥൻ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ, പിന്നിൽ സാമ്പത്തിക തർക്കമെന്ന് സൂചന

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥനായ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ലോക്കൽഫണ്ട് ഓഡിറ്ററും വെള്ളറട സ്വദേശിയുമായ ഷാജി എന്ന 43 കാരനെയാണ് വെള്ളറട ആനപ്പാറ സാംസ്കാരിക വേദി ഗ്രന്ഥശാലയ്ക്ക് സമീപത്തുള്ള വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുഹൃത്തുമായുള്ള സാമ്പത്തിക ഇടപാടിലെ തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞദിവസം വൈകിട്ടുമുതൽ ഷാജിയെ കാണാനില്ലായിരുന്നു. രാവിലെ ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ഭാര്യയെ ജോലിസ്ഥലത്ത് എത്തിച്ചശേഷമാണ് ഷാജിയെ കാണാതായത്. ജോലികഴിഞ്ഞ് ഇവർ ഒരുമിച്ചാണ് പതിവായി വീട്ടിലേക്ക് എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞദിവസം വൈകിട്ട് ഭാര്യ ഫോൺവിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാജിയുടെ കാർ ആനപ്പാറ ആർസി ചർച്ചിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മൊബൈൽഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പരിസരപ്രദേശത്ത് ഷാജി അവസാനമായി എത്തിയെന്ന് വ്യക്തമായി. ഇതോടെ പൊലീസ് പ്രദേശത്ത് അന്വേഷണം ശക്തമാക്കി. തുടർന്നാണ് സുഹൃത്തിന്റെ വീടിന്റെ രണ്ടാംനിലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ ഷാജിയുടെ മൃതദേഹം ഇന്നുരാവിലെ കണ്ടെത്തിയത്.

ആത്മഹത്യചെയ്യുന്ന ദിവസം ഷാജിയും സുഹൃത്തും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷാജി സുഹൃത്തിന് പലബാങ്കുകളിൽ നിന്നുള്ള ചിട്ടി പിടിക്കാൻ ജാമ്യം നിന്നിട്ടുണ്ട്. എന്നാൽ സുഹൃത്ത് ചിട്ടികൾ അടച്ചുതീർത്തിരുന്നില്ല. ഇതോടെ പല ബാങ്കുകളിൽ നിന്നും ഷാജിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാകാം ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കരുതുന്നത്.

സംഭവസമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല എന്നാണ് വീട്ടുടമ പൊലീസിന് മൊഴിനൽകിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


Source link

Related Articles

Back to top button