ഇതൊരു വലിയ സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി നോക്കി, പക്ഷേ: മമ്മൂട്ടി പറയുന്നു | Mammootty Speech
ഇതൊരു വലിയ സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി നോക്കി, പക്ഷേ: മമ്മൂട്ടി പറയുന്നു
മനോരമ ലേഖകൻ
Published: July 16 , 2024 11:09 AM IST
1 minute Read
എംടിക്കൊപ്പം മമ്മൂട്ടി
സംവിധായകൻ രഞ്ജിത്തിനൊപ്പം ഒരു മുഴുനീള സിനിമയായി ഒരുക്കാനിരുന്ന കഥയാണ് എംടിയുടെ മനോരഥങ്ങൾ എന്ന ആന്തോളജിയിലെ കൊച്ചു സിനിമയായി മാറിയതെന്ന് മമ്മൂട്ടി. എംടിയുടെ ആത്മകഥാംശമുള്ള സിനിമയാണ്. അതിൽ രണ്ടു വേഷം ചെയ്യാനാണ് പറഞ്ഞത്. പിന്നെ, അതും ചുരുങ്ങി ഒന്നായി. അങ്ങനെ മൊത്തത്തിൽ തന്നെ കുറുക്കി എടുത്തിരിക്കുകയാണ് ഈ സിനിമയിലെന്ന് മമ്മൂട്ടി പറഞ്ഞു. എംടി കഥകളുടെ ആന്തോളജി സിനിമയായ മനോരഥങ്ങളുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
‘‘ഇതൊരു വലിയ സിനിമയാക്കാൻ ഞാനും രഞ്ജിത്തും കൂടി നോക്കിയതാണ്. പക്ഷേ, പല കാരണങ്ങളാൽ വൈകിപ്പോയി. ഒടുവിൽ ഈ ആന്തോളജി വന്നപ്പോൾ മുൻപ് ചെയ്യാൻ വച്ച ഈ കഥ, അതിനോടുള്ള ഇഷ്ടം കൊണ്ടു ചെയ്യുകയായിരുന്നു. സത്യത്തിൽ, ഇതിലെ എല്ലാ കഥയിലും അഭിനയിക്കാൻ എനിക്കു താൽപര്യമുണ്ട്. പക്ഷേ, എല്ലാം എനിക്കു തരില്ലാത്തതുകൊണ്ട് ഒരെണ്ണമെ അഭിനയിക്കാൻ കിട്ടിയുള്ളൂ. അതാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’. ‘നിന്റെ ഓര്‍മയ്ക്ക്’ എന്ന ചെറുകഥയുടെ തുടർച്ചയായി എം.ടി എഴുതിയതാണ്. രഞ്ജിത്താണ് സംവിധാനം. ശ്രീലങ്കയിൽ പോയാണ് ഷൂട്ട് ചെയ്തത്,’’ മമ്മൂട്ടി പറഞ്ഞു.
എപ്പോഴും പുതുക്കപ്പെട്ട അറിവുകളുള്ള ചെറുപ്പക്കാരനാണ് എംടിയെന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി. അതിനെ ഉദാഹരിച്ചുകൊണ്ട് എംടി തനിക്കു വായിക്കാൻ കൊടുത്തയച്ച പുസ്തകം മകൾ സുറുമി വായിച്ച അനുഭവവും മമ്മൂട്ടി വേദിയിൽ പങ്കുവച്ചു. മമ്മൂട്ടിയുടെ വാക്കുകൾ: ‘‘എനിക്കിപ്പോഴും മനസിലാകാത്തത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ചെറുപ്പമാണ്. സമകാലീന സംഭവങ്ങളെക്കുറിച്ച്, രാഷ്ട്രീയ സാമുദായിക സാംസ്കാരിക സാമ്പത്തിക സാഹിത്യ കാര്യങ്ങളെക്കുറിച്ചെല്ലാം അദ്ദേഹത്തിന് വളരെ പുതുക്കപ്പെട്ട അറിവ് ഉണ്ട്. എനിക്കൊരു പുസ്തകം കൊടുത്ത് അയച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു നടന്ന സംഭവകഥയെ ആസ്പദമാക്കിയുള്ള ഫിക്‌ഷൻ ആണ്. എനിക്കു തന്നേൽപ്പിക്കാൻ പറഞ്ഞതിൽ ഒന്ന് അതായിരുന്നു. ഞാൻ അതു വീട്ടിൽ കൊണ്ടു വച്ചു. പിന്നീട്, അത് എന്റെ മോളെടുത്തു പൂർണമായും വായിച്ചു. അൽപം വലിയ ബുക്ക് ആണ്. എന്റെ മകൾ വായിച്ചിഷ്ടപ്പെടുന്ന പുസ്തകം വായിക്കുന്ന ആളാണ് അദ്ദേഹം. അവർ വായിക്കുന്ന, അവർ അറിയുന്ന സാഹിത്യകാലത്ത് ജീവിക്കുന്ന ഒരാളാണ് എംടി അത്രത്തോളം അപ്ഡേറ്റഡ് ആണ് എംടി.’’
മലയാളത്തിൽ തിരക്കഥയ്ക്ക് സാഹിത്യരൂപമുണ്ടെന്ന് കാണിച്ചു തന്നത് എംടിയാണെന്ന് മമ്മൂട്ടി പറഞ്ഞു. ‘‘മലയാളത്തിൽ തിരക്കഥയ്ക്ക് ഒരു സാഹിത്യരൂപം ഉണ്ടായിരുന്നില്ല. തിരക്കഥയ്ക്ക് അങ്ങനെ വായനക്കാർ ഉണ്ടായിരുന്നില്ല. എംടിയുടെ തിരക്കഥകൾ വായിച്ചിട്ടാണ് തിരക്കഥയ്ക്ക് ഒരു സാഹിത്യരൂപമുണ്ടെന്ന്് നമ്മൾ മനസിലാക്കിയത്. അതിനു മുൻപ് സിനിമ ഉണ്ടായിട്ടുണ്ട്. തിരക്കഥകൾ ഉണ്ടായിട്ടുണ്ട്. മലയാളത്തെ സംബന്ധിച്ചിടത്തോളം തിരക്കഥ അച്ചടിക്കുന്നതിന് ആരംഭം കുറിച്ചത് എംടിയാണ്. പിൽക്കാലത്ത് സിനിമാ വിദ്യാർഥികൾക്ക് അതു ഒരുപാട് ഉപകാരപ്രദമായി.’’
എംടിയുമായി ഈയടുത്ത കാലത്തുണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും മമ്മൂട്ടി വാചാലനായി. ‘‘ഞാൻ എം.ടിയുടെ കഥകൾ വായിക്കുമ്പോൾ തിരക്കഥ ആയിട്ടാണ് കാണുന്നത്. അതിൽ ഏതെങ്കിലും ഒരു കഥാപാത്രമായി മാറുന്നത് പണ്ടേ ഉള്ള സ്വഭാവമാണ്. ഇപ്പോഴുമുണ്ട്. ഈയടുത്ത കാലത്ത് ഞാനും അദ്ദേഹവും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു ചെറുകഥകൾ ഞാൻ വായിക്കാൻ വേണ്ടി അദ്ദേഹത്തിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. ടിവിയിലോ യുട്യൂബിലോ കൊടുക്കാൻ വേണ്ടിയാണ്. പക്ഷേ, അതു നീണ്ടു പോയി. എംടിക്ക് പ്രായം ആയിട്ടില്ല. ഒരു വർഷം കൂടി ആയി. എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ,’’ മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.
English Summary:
Mammootty Speaks: The Unseen Struggles and Surprises of MT’s Anthology ‘Manorathangal’
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-literature-authors-mtvasudevannair mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 5uocebl1mt19g7qlsi2eumi350
Source link