ആമയിഴഞ്ചാൻ തോടിലെ മാലിന്യം; മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. 18 വ്യാഴാഴ്ച രാവിലെ 11:30ന് ഓൺലൈൻ ആയാണ് യോഗം ചേരുക.
തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ഈ പ്രദേശത്ത് മാലിന്യം കുന്നു കൂടുന്നത് വെള്ളത്തിന്റെ ഒഴുക്ക് തടയപ്പെടുകയും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കുന്നുണ്ട്. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാവുന്ന സാഹചര്യത്തിലാണ് യോഗം.
ഹൈക്കോടതി ഇടപെട്ടു
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനുംതിരുവനന്തപുരം കോർപ്പറേഷനും ഹൈക്കോടതിയുടെ നിർദ്ദേശം. പരസ്പരം പഴിചാരുകയല്ല വേണ്ടതെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. മാലിന്യം എങ്ങനെ നീക്കം ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടറോടും റെയിൽവേയോടും കോർപ്പറേഷനോടും ആവശ്യപ്പെട്ടു. ഹർജിയിൽ കോർപ്പറേഷനെ കക്ഷി ചേർത്തു. തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയുടെ മരണത്തെ തുടർന്ന് കോടതി വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.
മാലിന്യപ്രശ്നത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിമാരായി നിയോഗിച്ചു.അഡ്വ.ടി.വി. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം 19നകം സന്ദർശനം നടത്തണം.ഇവരുടെ പ്രതിഫലമായ ഒന്നര ലക്ഷം രൂപ റെയിൽവേയും സർക്കാരും കോർപ്പറേഷനും വഹിക്കണം. വെള്ളക്കെട്ട് പരിഹാരത്തിന് ആവിഷ്കരിച്ച പഴയഓപ്പറേഷൻ അനന്തയിലെ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തണം.
Source link