പാലക്കാട്: കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മൃതദേഹങ്ങൾ ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും താമസച്ചിരുന്നത്. സ്വകാര്യ ബസ് ജീവനക്കാരനാണ് രഞ്ജിത്ത്.
കഴിഞ്ഞ ദിവസം മുതൽ പ്രദേശത്ത് ശക്തമായ മഴയും കാറ്റുമായിരുന്നു. രാത്രിയിൽ വീടിന്റെ പിൻഭാഗത്ത് ചുവർ ഇടിഞ്ഞുവീഴുകയായിരുന്നു. ഇവർ കിടക്കുന്ന സ്ഥലത്തേക്കാണ് ചുവർ ഇടിഞ്ഞുവീണത്. എന്നാൽ അപകടം സംഭവിച്ചത് ആരും അറിഞ്ഞിരുന്നില്ല. രാവിലെയാണ് നാട്ടുകാർ വിവരം അറിഞ്ഞ് സ്ഥലത്തെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഴയെത്തുടർന്ന് വീട്ടിൽ നിന്ന് മാറിത്താമസിക്കാൻ ഇവർ തീരുമാനിച്ചിരുന്നുവെന്നും അതിനിടെയിലാണ് അപകടമെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു.
Source link