പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ സൗരോർജ വൈദ്യുതീകരണം നടപ്പാക്കുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിനു ശേഷം ശബരിമലയിൽ പദ്ധതിക്ക് തുടക്കമാകും. തീർത്ഥാടനകാലത്തും മാസ പൂജാസമയങ്ങളിലും ആവശ്യമായ വൈദ്യുതി പൂർണമായും സൗരോർജത്തിലാക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലേക്കുള്ള സൗരോർജ പാനൽ സന്നിധാനത്താകും സ്ഥാപിക്കുക. ഏറ്റുമാനൂർ, കൊട്ടാരക്കര, മലയാലപ്പുഴ, ചെട്ടികുളങ്ങര തുടങ്ങി വരുമാനം കൂടുതലുള്ള മറ്റ് ദേവസ്വം ക്ഷേത്രങ്ങളിലും രണ്ടാംഘട്ടമായി സൗരോർജ പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ സാങ്കേതിക ഉപദേശത്തിന് സിയാലിനെ ചുമതലപ്പെടുത്തി. വിശദമായ പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സിയാൽ മാനേജിംഗ് ഡയറക്ടർ സുഹാസുമായി ചർച്ച നടത്തി. സിയാൽ ചെയർമാനായ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയശേഷം പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. എയർപോർട്ട് ഡയറക്ടർ മനു നായർ, ദേവസ്വം കമ്മിഷണറുടെ ചുമതലവഹിക്കുന്ന രാജേന്ദ്രപ്രസാദ്, ചീഫ് എൻജിനിയർ രഞ്ജിത് ശേഖർ, ഇലക്ട്രിക്കൽ എൻജിനിയർ രാജേഷ് മോഹൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
ശബരിമലയിൽ
അന്നദാന മണ്ഡപം, നടപ്പന്തൽ എന്നിവിടങ്ങളിൽ സൗരോർജ പാനൽ സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ ഭാഗങ്ങിലേക്ക് ഇവിടെ നിന്ന് വൈദ്യുതി വിതരണം ചെയ്യും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒരു വർഷം
ആവശ്യമുള്ള വൈദ്യുതി : 2.5 മെഗാവാട്ട്
വൈദ്യുതി ബിൽ : 10 കോടി
ആസ്ഥാനം സൗരോർജത്തിൽ
ദേവസ്വം ബോർഡിന്റെ തിരുവനന്തപുരത്തെ ആസ്ഥാനം സൗരോർജത്തിലാണ് പ്രവർത്തിക്കുന്നത്. മാസം 58,000 രൂപയായിരുന്ന വൈദ്യുതിബിൽ 4000 ആയി കുറഞ്ഞു.
ശബരിമലയെ സമ്പൂർണമായി സൗരോർജത്തിലാക്കും. സിയാലുമായി ചർച്ച നടത്തി. അടുത്തയാഴ്ച മുഖ്യമന്ത്രിയെ കണ്ടശേഷം അന്തിമ തീരുമാനത്തിലെത്തും.
പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ്
Source link