സ്വാമി ജ്ഞാനതീർത്ഥ ചികിത്സാവിവാദം: വിശദീകരണവുമായി ശിവഗിരി മഠം
ശിവഗിരി: രോഗബാധിതനായി ലേക്ക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥയെ മുൻനിറുത്തി ചിലർ സോഷ്യൽ മീഡിയകളിലൂടെ ശിവഗിരിമഠത്തിന്റെ സത്പ്പേരിന് കളങ്കമുണ്ടാക്കുംവിധം പരാമർശങ്ങൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും ഇത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണെന്നും ശിവഗിരിമഠം പത്രക്കുറിപ്പിലൂടെ അറിയിച്ചു. സ്വാമിമാരുടെ പരിരക്ഷകളെപ്പറ്റിയും അതിനുവേണ്ടി മഠം നടത്തുന്ന ഇടപെടലുകളെപ്പറ്റിയും പരസ്യമാക്കേണ്ടതില്ലാത്തതിനാലാണ് മഠം ഇതുവരെയും ഇക്കാര്യത്തിൽ മൗനം പാലിച്ചതെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ പറഞ്ഞു.
ശിവഗിരി മഠത്തിലെ സ്വാമിമാർക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടായാൽ അതിന് ചികിത്സ ലഭ്യമാക്കാൻ സംവിധാനങ്ങളുണ്ട്. മഠത്തിന്റെ തന്നെ വർക്കലയിലുള്ള ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ മതിയായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതാണ്.
സ്വന്തമായി ആശ്രമം സ്ഥാപിച്ച് നടത്തിയും വൈദികകർമ്മങ്ങളിൽ ഏർപ്പെട്ടും വന്നിരുന്ന സ്വാമി ജ്ഞാനതീർത്ഥ ശിവഗിരിയിൽ അംഗമായിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂ. അതിനുമുൻപ് കുറച്ചുകാലം അന്തേവാസിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഠത്തിൽ അംഗമായതിനുശേഷം സ്വാമിക്ക് പലവട്ടം ശിവഗിരി മെഡിക്കൽ മിഷൻ ആശുപത്രിയിലും അതിനു പുറമേ ഗോകുലം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, അമൃത മെഡിക്കൽ കോളേജ് തുടങ്ങിയ മുൻനിര ആശുപത്രികളിലും വിദഗ്ദ്ധചികിത്സ ലഭ്യമാക്കിയിരുന്നു. ഇതിനകം ശിവഗിരി മഠത്തിൽ നിന്ന് നേരിട്ട് 4 ലക്ഷത്തോളം രൂപ കൂടാതെ മഠം ശാഖാസ്ഥാപനമായ തൃത്താല ധർമ്മഗിരി ക്ഷേത്രത്തിന്റെ ചുമതല വഹിച്ചിരുന്ന വേളയിൽ അവിടേക്ക് ഗ്രാന്റായി മഠം നല്കിയ എട്ടു ലക്ഷത്തോളം രൂപയും സ്വാമിയുടെ ചികിത്സയ്ക്കായി വിനിയോഗിച്ചിട്ടുണ്ട്. നാലഞ്ചു മാസമായി സ്വാമി തിരുവമ്പാടിയിലുള്ള സ്വന്തം ആശ്രമത്തിലായിരുന്നു. അവിടെ കഴിഞ്ഞു വരവെയാണ് ഇപ്പോൾ ചികിത്സയ്ക്കായി സ്വന്തം നിലയിൽ ആശുപത്രിയിൽ പ്രവേശിച്ചത്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് രോഗപരിഹാരമെന്നറിഞ്ഞ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അതിനുവേണ്ട നടപടികൾ വേഗത്തിലാക്കാൻ ഇടപെട്ടുവരികയാണ്. കരൾ ലഭ്യമാകുന്നതിനു വേണ്ട നിയമപരമായ അനുവാദം കിട്ടുന്നതിന് എം.എൽ.എ യുമായും ബന്ധപ്പെട്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വാമി ശുഭാംഗാനന്ദ സമ്പർക്കം പുലർത്തി വരികയാണ്. ഈയടുത്ത നാളിൽ ശിവഗിരി മഠത്തിലെ നാലു സന്യാസിമാർ ആശുപത്രിയിലെത്തി സ്വാമി ജ്ഞാനതീർത്ഥയെ സന്ദർശിച്ചിരുന്നു. അപ്പോൾ മറ്റെന്തെങ്കിലും ആവശ്യമുള്ളതായി സ്വാമി പറയുകയുണ്ടായില്ല. 1979-ൽ മഠത്തിൽ അംഗമായ നിലവിൽ ഏറ്റവും സീനിയറായിട്ടുള്ള സ്വാമി വിദ്യാനന്ദ ഉൾപ്പെടെ പലവിധ രോഗങ്ങൾ അലട്ടുന്ന എല്ലാ സ്വാമിമാർക്കും തൃപ്തികരമായ ചികിത്സയാണ് മഠം എപ്പോഴും ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. എല്ലാ സന്യാസിമാർക്കും സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസിലൂടെ രണ്ട് ലക്ഷം രൂപവരെ ലഭ്യമാകുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയും മഠം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു സ്വാമിയെപ്പോലും പരിഗണിക്കാതിരിക്കുന്ന യാതൊരു നിലപാടുകളും മഠം സ്വീകരിക്കാറില്ല. മഠത്തിന്റെ നിലനില്പുതന്നെ സന്യാസിമാരുടെ കൈകളിലാണെന്നും ശിവഗിരിമഠം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
Source link