മരിച്ചുവെന്നുതന്നെയാണു കരുതിയത്: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: താൻ മരിച്ചുവെന്നുതന്നെയാണു കരുതിയതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തനിക്കു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘വിചിത്രമായ അനുഭവമായിരുന്നു. ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഞാൻ ഇപ്പോൾ ഇവിടെയുണ്ടാകുമായിരുന്നില്ല, മരിച്ചിട്ടുണ്ടാകുമായിരുന്നു’- യുഎസ് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. ‘കൃത്യസമയത്താണു തലവെട്ടിച്ചതെന്നാണ് അതിശയകരമായ കാര്യം. കൃത്യസമയത്തെന്നു മാത്രമല്ല വെടിയുണ്ട ഏൽക്കാതിരിക്കാനുള്ള അത്ര അളവിലും തല ചെരിച്ചു. അല്ലെങ്കിൽ താൻ ഇവിടെയുണ്ടാകുമായിരുന്നില്ല, കൊല്ലപ്പെട്ടിട്ടുണ്ടാകും. ഇതുപോലൊന്ന് താൻ കണ്ടിട്ടില്ലെന്നും ഇത് അദ്ഭുതമാണെന്നുമാണ് തന്നെ ചികിത്സിച്ച ഡോക്ടർ പറഞ്ഞത്. ആളുകൾ പറയുന്നു, ഞാൻ ഇവിടെ ഇപ്പോൾ ഉണ്ടാകാൻ കാരണം ദൈവമാണെന്ന്. ചെവിയിലൂടെ രക്തം തെറിക്കുന്ന തന്റെ ചിത്രം കണ്ടിട്ട് ചിലർ ഇത് ഐതിഹാസികമായ ചിത്രമാണെന്നു പറയുന്നു- ട്രംപ് പറഞ്ഞു. വെടിയേറ്റതിനു ശേഷവും പ്രചാരണയോഗത്തിൽ തനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Source link