കോപ്പ അർജന്റീനയ്ക്ക്
മയാമി: കാൽപ്പന്തു കളിയെ കലയാക്കി മാറ്റിയ ലാറ്റിനമേരിക്കയുടെ കിരീടാവകാശികളായി ലയണൽ മെസിയുടെ അർജന്റീന അടുത്ത നാലു വർഷത്തേക്കുകൂടി തുടരും… 2024 കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പ് ട്രോഫിയിൽ മുത്തംവച്ചതോടെയാണിത്. ആവേശക്കടലായി മാറിയ ഫൈനൽ പോരാട്ടത്തിൽ, അപരാജിത കുതിപ്പുമായെത്തിയ കൊളംബിയയെയാണ് ലയണൽ മെസിയുടെ അർജന്റീന കീഴടക്കിയത്. അധിക സമയത്തേക്കു നീണ്ട മത്സരത്തിൽ 112-ാം മിനിറ്റിൽ ലൗതാരൊ മാർട്ടിനെസിന്റെ ക്ലോസ് റേഞ്ച് ബുള്ളറ്റ് ഷോട്ട് കൊളംബിയൻ ഗോൾ കീപ്പറിന്റെ തലയ്ക്കു മുകളിലൂടെ മൂളിപ്പാഞ്ഞ് വലയിൽ… 66-ാം മിനിറ്റിൽ കാലിനു പരിക്കേറ്റ് കണ്ണീരോടെ കളംവിടേണ്ടിവന്ന മെസി ഡഗ്ഗൗട്ടിൽനിന്ന് അണപൊട്ടിയ ആനന്ദം പ്രകടമാക്കിയ നിമിഷമായിരുന്നു അത്. കാരണം, കോപ്പ അർജന്റീന സ്വന്തമാക്കിയെന്ന് ആ ഗോൾ അടിവരയിട്ടു… പകരക്കാരുടെ ഗോൾ നിശ്ചിത സമയത്ത് ഗോൾ പിറക്കാതിരുന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. കോപ്പ ഫൈനലിനു മുന്പായി 28 മത്സരങ്ങളിൽ തോൽവി അറിയാത്തത് വെറുതേയല്ലെന്നു തെളിയിക്കുന്ന പ്രകടനമായിരുന്നു മഞ്ഞക്കുപ്പായക്കാരായ ഹമേഷ് റോഡ്രിഗസും സംഘവും കളത്തിൽ കാഴ്ചവച്ചത്. ഇരുവശത്തേക്കുമുള്ള റൈഡുകളിൽ ഏതുനിമിഷവും ഗോൾ വീഴുമെന്ന തോന്നലുണ്ടായി. 96-ാം മിനിറ്റിൽ അർജന്റീന നടത്തിയ ട്രിപ്പിൾ സബ്സ്റ്റിറ്റ്യൂഷനായിരുന്നു കളിയുടെ വിധിനിർണയിച്ച ഗോളിനു കാരണമായത്. 96-ാം മിനിറ്റിൽ ജൂലിയൻ ആൽവരസിനു പകരം ലൗതാരൊ മാർട്ടിനെസിനെയും അലക്സിസ് മക് അല്ലിസ്റ്ററിനു പകരമായി ലിയാൻഡ്രൊ പരേഡസിനെയും എൻസൊ ഫെർണാണ്ടസിനു പകരമായി ജിയോവാനി ലൊസെൽസൊയെയും കളത്തിലിറക്കി. ഈ ട്രിപ്പിൾ ചേഞ്ചിന്റെ ഫലം 112-ാം മിനിറ്റിൽ ഗോളായെത്തി. അർജന്റൈൻ ഹാഫിൽനിന്ന് സ്ലൈഡ് ടാക്ലിംഗിലൂടെ പരേഡസ് പിടിച്ചെടുത്ത പന്ത് ആദ്യം കൈമാറിയത് ലൗതാരൊ മാർട്ടിനെസിന്. മാർട്ടിനെസ് വണ്ടച്ചിൽ അത് തിരിച്ച് പരേഡസിനു നൽകി. കൊളംബിയൻ ഹാഫിലേക്ക് കയറിയ പരേഡസ് ഞൊടിയിടയിൽ ലൊസെൽസോയ്ക്ക് മറിച്ചു. ലൊസെൽസൊ വണ്ടച്ചിലൂടെ മുന്നോട്ടു നീട്ടി മാർട്ടിനെസിനു പാകമായി നൽകി. മാർട്ടിനെസിന്റെ പവർ ഷോട്ട് വലയിൽ. മികച്ച താരമായി കൊളംബിയയുടെ ഹമേഷ് റോഡ്രിഗസ് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് ഗോൾ നേടിയ ലൗതാരൊ മാർട്ടിനെസിനാണ് ടോപ് സ്കോററിനുള്ള ഗോൾഡൻ ബൂട്ട്. കണ്ണീരണിഞ്ഞ് മെസി മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ കൊളംബിയയുടെ മിന്നുംപ്രകടനമായിരുന്നു. ആക്രമണവും ഡിഫെൻസും സമന്വയിപ്പിച്ച് ഇരുടീമും ആദ്യപകുതിക്കു പിരിഞ്ഞു. എന്നാൽ, 66-ാം മിനിറ്റിൽ അർജന്റൈൻ ആരാധകരുടെ ഹൃദയം പിടഞ്ഞു. കാൽക്കുഴ തെറ്റി ലയണൽ മെസി മൈതാനത്തിനു പുറത്തേക്ക്. കണ്ണീരോടെ ഡഗ്ഗൗട്ടിൽ ഇരിക്കുന്ന മെസിയുടെ ചിത്രം അർജന്റൈൻ ആരാധകരുടെ ഹൃദയങ്ങളെയും നോവിച്ചു. നിശ്ചിത സമയം കഴിഞ്ഞപ്പോൾ ടീമംഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ മെസി മുടന്തിയെത്തി. ഗോൾ വീണപ്പോഴും മത്സരം അവസാനിപ്പിച്ചുള്ള ലോംഗ് വിസിൽ മുഴങ്ങിയപ്പോഴും മെസിക്ക് തന്റെ ആഹ്ലാദം പ്രകടിപ്പിക്കാതിരിക്കാൻ സാധിച്ചില്ലെന്നതും ശ്രദ്ധേയം… ഡി മരിയ, മെസി, ഓട്ടമെൻഡി കോപ്പ ട്രോഫി വാങ്ങാനായി അർജന്റൈൻ ക്യാപ്റ്റൻ ലയണൽ മെസി തനിച്ചല്ല ചെന്നതെന്നതും ഫുട്ബോൾ ലോകം കണ്ടു. കോപ്പ ഫൈനലോടെ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കുന്ന എയ്ഞ്ചൽ ഡി മരിയയെയും ഇനിയൊരു കോപ്പ കളിക്കില്ലെന്ന് ഏകദേശം ഉറപ്പുള്ള നിക്കോളാസ് ഓട്ടമെൻഡിയെയും വിളിച്ച്, മൂവരും ഒന്നിച്ചാണ് ട്രോഫി ഏറ്റുവാങ്ങിയത്. ഫൈനലിനുള്ള പന്ത് ഡി മരിയയുടെ മക്കളാണ് മൈതാനത്ത് എത്തിച്ചതെന്നതും ശ്രദ്ധേയം. കൊളംബിയൻ അതിക്രമം ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 5.30ന് ആരംഭിക്കേണ്ടതായിരുന്നു കോപ്പ അമേരിക്ക ഫൈനൽ. എന്നാൽ, കൊളംബിയൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കയറിയതോടെ അന്തരീക്ഷം സംഘർഷഭരിതമായി. ടിക്കറ്റെടുത്ത ആരാധകർക്ക് സ്റ്റേഡിയത്തിനുള്ളിലേക്കു പ്രവേശിക്കാൻ സാധിച്ചില്ല. ഇതോടെ ഒന്നര മണിക്കൂർ വൈകിയാണ് ഫൈനലിന്റെ കിക്കോഫ് നടന്നത്. മെസി റിക്കാർഡ് രാജ്യാന്തര ടൂർണമെന്റുകളിൽ ലയണൽ മെസിയുടെ നാലാം ട്രോഫിയാണ്. അതും തുടർച്ചയായ നാലാമത്. 2021 കോപ്പ, 2022 ഫൈനൽസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ എന്നിങ്ങനെയാണ് മെസിയുടെ നാലു ട്രോഫികൾ. ഇതോടെ ഏറ്റവും കൂടുതൽ രാജ്യാന്തര ട്രോഫി (4), രാജ്യാന്തര ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ (27), ഏറ്റവും കൂടുതൽ അസിസ്റ്റ് (28) റിക്കാർഡുകളും മെസിക്കു സ്വന്തം… 16/3 കോപ്പ അമേരിക്ക അർജന്റീന സ്വന്തമാക്കുന്നത് ഇതു 16-ാം തവണ. കോപ്പ അമേരിക്ക ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്ന ടീമെന്ന റിക്കാർഡ് അർജന്റീന സ്വന്തമാക്കി. 15 തവണ ചാന്പ്യന്മാരായ ഉറുഗ്വെയ്ക്കൊപ്പം റിക്കാർഡു പങ്കിടുകയായിരുന്നു അർജന്റീന. തുടർച്ചയായ മൂന്ന് ടൂർണമെന്റുകൾ ജയിക്കുന്ന രണ്ടാമത് ടീമെന്ന നേട്ടത്തിലും അർജന്റീനയെത്തി. സ്പെയിനാണ് (2008, 2012 യൂറോ, 2010 ലോകകപ്പ്) ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്.
Source link