‘കേരളത്തിൽ പോലും ബിജെപി വോട്ട് ചോർത്തുന്നു’; സിപിഎം ജനങ്ങളെ കേൾക്കാൻ തയ്യാറാകണമെന്ന് എംഎ ബേബി
തിരുവനന്തപുരം: കേരളത്തിൽപ്പോലും മറ്റ് പാർട്ടികളിൽ നിന്നുള്ള വോട്ട് ബിജെപി ചേർത്തുന്നുവെന്നത് ഉത്‌കണ്‌ഠാജനകമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താൻ ആവശ്യമായ ഫലപ്രദമായ പ്രവർത്തന പദ്ധതികൾ തയ്യാറാക്കണമെന്നും ഒരു മാസികയിലെ ലേഖനത്തിൽ ബേബി ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിനെ സിപിഎം ജില്ലാ കമ്മിറ്റികൾ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു വിമർശനം. അതിന് പിന്നാലെയാണ് മുതിർന്ന നേതാവ് എംഎ ബേബിയും തിരുത്തലുകൾ നിർദേശിച്ച് രംഗത്തെത്തിയത്. തിരുത്തലുകൾ ക്ഷമാപൂർവം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ലേഖനത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്. ബഹുജന സ്വാധീനത്തിലും പാർട്ടി ചോർച്ച സംഭവിക്കുന്നുണ്ട്. തിരുത്തലുകൾ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങൾ ബാക്കിയാണ്. ജനങ്ങൾക്ക് ബോദ്ധ്യമാകുന്ന വിധം, സത്യസന്ധവും നിർഭയവും ഉള്ളുതുറന്നതുമായ സ്വയം വിമർശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ.
ജനങ്ങളുമായി സംസാരിക്കുന്നത് പോലെ പ്രധാനമാണ് അവർക്ക് പറയാനുള്ളത് ക്ഷമാപൂർവം കേൾക്കുക എന്നതും. എല്ലാ വിഭാഗം ജനങ്ങളുമായും ബന്ധം നിലനിർത്താൻ ശ്രമിക്കണം. ജനങ്ങൾ പറയുന്നതിലെ ശരിയായ വിമർശനത്തിന്റെ അടിസ്ഥാനത്തിൽ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകൾ വരുത്തുക എന്നതും പ്രധാനമാണെന്നും ബേബി അഭിപ്രായപ്പെട്ടു.
Source link