KERALAMLATEST NEWS

സ്വർണം, അമൂല്യരത്നങ്ങൾ 46 വർഷങ്ങൾക്ക് ശേഷം പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നു

ഭുവനേശ്വർ: 46 വർഷങ്ങൾക്കുശേഷം ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം ഇന്നലെ തുറന്നു. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ രത്ന ഭണ്ഡാരം തുറക്കാമെന്ന് ജസ്റ്റിസ് ബിശ്വനാഥ് റാത്ത് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു.തുടർന്ന് ശനിയാഴ്‌ച സർക്കാർ അനുമതി നൽകി. ഇന്നലെ ഉച്ചയോടെ തുറക്കുകയും ചെയ്തു.

വസ്തുക്കളുടെ കണക്കെടുപ്പ് ഇന്ന് തുടങ്ങുമെന്നും വിദഗ്ദ്ധരെ എത്തിച്ച് വസ്തുക്കളുടെ മൂല്യം രേഖപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജ് ബിശ്വനാഥ് രഥ്, ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്‌ട്രേഷൻ (എസ്‌.ജെ.ടി.എ) ചീഫ് അഡ്മിനിസ്‌ട്രേറ്റർ അരബിന്ദ പഥി, ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സൂപ്രണ്ട് ഡി.ബി.ഗഡ്നായക്, പുരി രാജാവ് ഗജപതി മഹാരാജയുടെ പ്രതിനിധി എന്നിവരുൾപ്പെടെ 11 പേരാണ് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് ഭണ്ഡാരം തുറന്നത്. ക്ഷേത്രത്തിലെ നിയമാവലി അനുസരിച്ച് മൂന്ന് വർഷം കൂടുമ്പോൾ ഭണ്ഡാരം പരിശോധിക്കണം.
ആഭരണങ്ങൾ ഉൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കൾ പട്ടികപ്പെടുത്താനാണ് ഒഡീഷ ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് റാത്തിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി രൂപവത്കരിച്ചത്. നിലവറകളിലെ വിലപിടിപ്പുള്ള വസ്തുക്കൾ പട്ടികപ്പെടുത്തുന്നതിനൊപ്പം അവ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. ഇതിനുള്ള നിർദ്ദേശം സർക്കാരിലേക്ക് സമർപ്പിക്കും. 1960ലെ ജഗന്നാഥ ക്ഷേത്ര നിയമപ്രകാരം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവുകളോടെ മാത്രമേ രത്നഭണ്ഡാരത്തിന്റെ പൂട്ടുകൾ തുറക്കാൻ കഴിയൂ. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വ്യവസ്ഥകൾക്കനുസരിച്ചാണ് രത്ന തുറക്കേണ്ടത്. ക്ഷേത്ര ചടങ്ങുകൾ മുടക്കമില്ലാതെ നടക്കുമെങ്കിലും ഭക്തരുടെ ദർശനം തടസപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു.

ഇതിന് മുമ്പ് 1978 മേയ് 13 മുതൽ ജൂലായ് 23 വരെയാണ് ജഗന്നാഥ ക്ഷേത്രത്തിലെ രത്ന ഭണ്ഡാരം തുറന്ന് പരിശോധിച്ചത്.

രത്ന ഭണ്ഡാരം

ജഗന്നാഥ ക്ഷേത്രത്തിലെ ‘ജഗമോഹന’യ്ക്ക് വടക്കുഭാഗത്തായാണ് രത്ന ഭണ്ഡാരം

ഇതിൽ മൂന്ന് ദേവതകളുടേയും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും

 12-ാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചത്

രത്ന ഭണ്ഡാരം പിന്നീട് കൂട്ടിച്ചേർത്തു

 ബ്രിട്ടീഷ് കാലത്താണ് രത്ന ഭണ്ഡാരത്തേക്കുറിച്ച് ഔദ്യോഗികമായ റിപ്പോർട്ട് വരുന്നത്

 ഈ റിപ്പോർട്ട് പ്രകാരം രത്ന ഭണ്ഡാരത്തിൽ സ്വർണം,​ വെള്ളി ആഭരണങ്ങളും സ്വർണനാണയങ്ങളും

 ആഭരണങ്ങളിൽ രത്നങ്ങൾ പതിച്ചിട്ടുണ്ട്


Source link

Related Articles

Back to top button