ഗുണ്ടാത്തലവന്റെ വീട്ടിൽ പിറന്നാളാഘോഷത്തിന് എത്തിയ എട്ട് ഗുണ്ടകൾ അറസ്റ്റിൽ

പറവൂർ: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവൻ രാധാകൃഷ്ണന്റെ (രാധു) വീട്ടിൽ പിറന്നാളോഘോഷത്തിനെത്തിയ എട്ട് ഗുണ്ടകളെ വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടിൽ അനസ് (25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പിൽ അർഷാദ് (23), ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശികളായ എസ്.പി ഹൗസിൽ സൂരജ് (26), വിളയിൽ തെക്കേതിൽ യദുകൃഷ്ണൻ (27), വടുതല വെള്ളിന വീട്ടിൽ ഷെറിൻ സേവ്യാർ (47), കൂനംതൈ തോട്ടുപുറത്ത് വീട്ടിൽ സുധാകരൻ (42), പാലക്കാട് ആലത്തൂർ കൊക്കരക്കാട്ടിൽ മുഹമ്മദ് ഷംനാസ് (28), ഏലൂർ കുടിയിരിക്കൽ വീട്ടിൽ വസന്തകുമാർ (22)എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേരാനല്ലൂർ സ്വദേശിയായ രാധാകൃഷ്ണൻ വാടകയ്ക്ക് താമസിക്കുന്ന വരാപ്പുഴ ഒളനാട് പുഞ്ചക്കുഴിയിലെ വീട്ടിലായിരുന്നു ആഘോഷം. മകന്റെ പിറന്നാൾ സത്കാരം ഓഡിറ്റോറിയത്തിൽ വച്ചു നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇതിനായി ക്ഷണക്കത്ത് അടിച്ചു. വിവരം സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസ് അനുമതി നിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് വാടക വീട്ടിലേക്ക് മാറ്റി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കുറ്റവാളികൾ എത്തിച്ചേരുമെന്ന വിവരം റൂറൽ എസ്.പി .വൈഭവ് സക്‌സേനയ്ക്ക് ലഭിച്ചിരുന്നു. ആഘോഷം നടക്കുന്ന വീടിന് സമീപം വരാപ്പുഴ ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിൽ മഫ്ടിയിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പന്ത്രണ്ട് മണിയോടെ പങ്കെടുക്കാനെത്തിയവരിൽ സംശയം തോന്നിയവരെ ചോദ്യം ചെയ്ത് കസ്റ്റഡിയിലെടുത്തു. എട്ട് പേർക്കെതിരെ ഏഴ് കേസുകളാണെടുത്തത്. പാലക്കാട്, തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സ്റ്രേഷനുകളിൽ കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു. നിലവിൽ ആർക്കും മറ്റുകേസുകളില്ലാത്തതിനാൽ ജാമ്യത്തിൽ വിട്ടു.


Source link

Exit mobile version