KERALAMLATEST NEWS

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളിയിൽ നിർത്താത്തതിന് കാരണം കനത്തമഴ, കർശന നടപടിയെന്ന് റെയിൽവെ

കോഴിക്കോട്: പയ്യോളിയിൽ സ്റ്റോപ്പുണ്ടായിട്ടും ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് നിർത്താതെ പോയ സംഭവത്തിൽ അന്വേഷണമാരംഭിച്ചെന്ന് അറിയിച്ച് റെയിൽവെ. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ശനിയാഴ്‌ച രാത്രിയാണ് ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് പയ്യോളി സ്റ്റേഷനിൽ നിർത്താതെ മുന്നോട്ടുപോയത്. രാത്രി 10.54നായിരുന്നു ഇത്.

രണ്ടു കിലോമീറ്റർ അകലെ അയനിക്കാടാണ് വണ്ടി നിർത്തിയത്. പയ്യോളി ഇറങ്ങേണ്ടവർ അയനിക്കാടും വടകരയിലുമായി ഇറങ്ങേണ്ടി വന്നു. വടകരയിൽ ഇറങ്ങിയവർ അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ചു. വടകര സ്റ്റേഷൻ മാസ്റ്ററെ കണ്ട് പ്രതിഷേധവും അറിയിച്ചു. പൊതുവെ വൈകിയെത്തുന്ന ട്രെയിൻ പയ്യോളി സ്റ്റേഷൻ വിട്ട് ദൂരെ നിർത്തിയത് മഴയത്ത് യാത്രക്കാർക്ക് ദുരിതമായി. പയ്യോളി സ്റ്റേഷനിൽ കണ്ണൂർ ഭാഗത്തേക്ക് പോകാൻ കാത്തുനിന്ന യാത്രക്കാരും വലഞ്ഞു. വടകരയിലിറങ്ങിയവർക്ക് റെയിൽവെ അധികൃതർ വാഹനസൗകര്യം ഒരുക്കി.

കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്റെ ബോർഡ് ലോക്കോ പൈലറ്റിന് കാണാൻ കഴിഞ്ഞില്ലെന്നാണ് കാരണമായി പറയുന്നത്. മറ്റ് സ്റ്റേഷനുകളിലെ പോലെ പയ്യോളിയിൽ പ്രത്യേക സിഗ്നൽ സംവിധാനം ഇല്ലെന്നും അധികൃതർ പറയുന്നുണ്ട്. അതേസമയം പയ്യോളിയിൽ നിർത്തേണ്ട കാര്യം ലോക്കോ പൈലറ്റിനെ ഗാർഡ് ഓർമപ്പെടുത്തിയിരുന്നതായി സൂചനയുണ്ട്. ലോക്കോ പൈലറ്റിനെതിരെ റെയിൽവെ ആഭ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനു ശേഷമാകും നടപടി.


Source link

Related Articles

Back to top button