നവംബറിലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിക്കുന്ന ഡോണൾഡ് ട്രംപ് ശനിയാഴ്ച വൈകു ന്നേരം പെൻസിൽവേനിയ സംസ്ഥാനത്തെ ബട്ലർ നഗരത്തിൽ പ്രചാരണപരിപാടിയിൽ പ്രസംഗിക്കുന്പോഴാണ് വധശ്രമം നേരിട്ടത്. തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരനാണ് ട്രംപിനെ വെടിവച്ചത്. ട്രംപിന്റെ വേദിയിൽനിന്ന് 150 മീറ്ററിൽ താഴെ അകലെയുള്ള കെട്ടിടത്തിനു മുകളിൽ ഒളിച്ചിരുന്നാണ് ഇയാൾ വെടിയുതിർത്തത്. സംഭവസ്ഥലത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള ബെഥേൽ പാർക്ക് സ്വദേശിയാണ് ഇയാൾ. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ചുകൊന്നു. സംഭവത്തിന്റെ സമയക്രമം ചുവടെ. ശനി വൈകുന്നേരം 6.03: ട്രംപ് വേദിയിലെത്തുന്നു. 6.11: ട്രംപ് പ്രസംഗം ആരംഭിച്ച് മിനിറ്റുകൾക്കകം വെടിയൊച്ചകൾ മുഴങ്ങുന്നു. 6.12: സുരക്ഷാചുമതലയുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ട്രംപിനെ പൊതിയുന്നു. ചെവിയിൽനിന്നു മുഖത്തേക്കു രക്തമൊഴുകുന്ന ട്രംപിനെ വേദിയിൽനിന്നു കൊണ്ടുപോകുന്നു. 6.14: ട്രംപിന്റെ വാഹനവ്യൂഹം സ്ഥലംവിടുന്നു. 6.42: ട്രംപ് സുരക്ഷിതനാണെന്ന് സീക്രട്ട് സർവീസ് പ്രസ്താവന ഇറക്കി. 7.03: ട്രംപ് ആരോഗ്യവാനെന്ന് അദ്ദേഹത്തിന്റെ പ്രചാരണ ടീം അറിയിച്ചു. 7.45: വെടിയുതിർത്ത അക്രമിയും പരിപാടിയിൽ പങ്കെടുത്ത മറ്റൊരാളും കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിക്കുന്നു. 8.13: തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളികൂടിയായ യുഎസ് പ്രസിഡന്റ് ബൈഡൻ ആക്രമണത്തെ അപലപിച്ചു. 8.42: സംഭവത്തെക്കുറിച്ച് ട്രംപ് ആദ്യമായി സംസാരിക്കുന്നു. വെടിയുണ്ട വലത്തേ ചെവിയുടെ മുകൾഭാഗം തുളച്ചതായി അദ്ദേഹം പറഞ്ഞു. 8.33: അന്വേഷണത്തിന് എഫ്ബിഐ നേതൃത്വം വഹിക്കുമെന്നറിയിക്കുന്നു.
Source link