ജനകീയ ഹോട്ടലുകൾ അടച്ചു പൂട്ടലിലേക്ക്

തിരുവനന്തപുരം: 20 രൂപയ്ക്ക് ഊണെന്ന പ്രഖ്യാപനവുമായി നാല് വർഷം മുൻപ് ആരംഭിച്ച ജനകീയ ഹോട്ടലുകൾ നിലനിൽപ് ഭീഷണിയിൽ. ഓരോ ഊണിനും സർക്കാർ പ്രഖ്യാപിച്ച 10 രൂപ സബ്‌സിഡി ഒരു വർഷമായി നിറുത്തലാക്കിയതോടെ ഊണിന് വില 30 രൂപയാക്കി. ഇതോടെ വിൽപന പകുതിയായി കുറഞ്ഞു. 300 ലധികം ഹോട്ടലുകൾ പൂട്ടി. ശേഷിക്കുന്നവ പിടിച്ചു നിൽക്കാൻ പാടു പെടുന്നു..

വിശപ്പു രഹിത കേരളത്തിനായി. സംസ്ഥാനത്താകെ 1198 ഹോട്ടലുകളാണ് തുടങ്ങിയത് . കുടുംബശ്രീ വനിതകൾ ചേർന്നായിരുന്നു ഹോട്ടലുകളുടെ നടത്തിപ്പ് . പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില വർദ്ധനവിൽ ഹോട്ടൽ നടത്തിപ്പ് ബുദ്ധിമുട്ടായി .കഴിഞ്ഞ ആഗസ്റ്റ് മുതൽ സബ്‌സിഡി എടുത്തുകളഞ്ഞു. അതിന് മുമ്പത്തെ രണ്ട് മുതൽ 10 മാസം വരെയുള്ള സബ്സിഡി തുക കിട്ടാനുണ്ട്.

ഹോട്ടൽ ആരംഭിക്കുമ്പോൾ കറന്റ് ചാർജ്ജ് , വെള്ളക്കരം, കെട്ടിട വാടക എന്നിവ അതത് തദ്ദേശസ്ഥാപനങ്ങൾ അടയ്ക്കണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ പലയിടത്തും ഇത് നടക്കുന്നില്ല. തിരുവനന്തപുരത്ത് കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിന്റെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചു. തുട‌ർന്ന് ജീവനക്കാർ ആഭരണം പണയം വച്ച് ബില്ലടച്ചത് വാർത്തയായിരുന്നു.

സബ്‌സിഡി അരിയും

നിറുത്തി:

10.90 രൂപയ്‌ക്ക് കുടുംബശ്രീ ഹോട്ടലുകൾക്ക് സപ്ലൈകോ വഴി നൽകിയിരുന്ന സബ്‌സിഡി അരിയും നിറുത്തലാക്കിയത് കനത്ത തിരിച്ചടിയായി. ഇതോടെ കൂടിയ വിലയ്‌ക്ക് പൊതു വിപണിയിൽ നിന്നും അരി വാങ്ങേണ്ട അവസ്ഥയിലാണ്. മീനിനും അരിയടക്കമുള്ള അവശ്യ സാധനങ്ങൾക്കും വില വർദ്ധിച്ച സാഹചര്യത്തിൽ ഹോട്ടൽ നടത്തിക്കൊണ്ടു പോകാൻ കഴിയാത്ത

സ്ഥിതിയാണ്.


Source link
Exit mobile version