ട്രംപിനെതിരായ ആക്രമണത്തെ അപലപിക്കുന്നതിൽ അദ്ദേഹത്തിന്റെ എതിരാളികളായ ഡെമോക്രാറ്റിക് പാർട്ടിയിലെ നേതാക്കൾ ഒറ്റക്കെട്ടായിരുന്നു. പ്രസിഡന്റ് ജോ ബൈഡൻ ട്രംപിനെ നേരിട്ടു വിളിച്ചു സംസാരിച്ചു. ഡെലാവേറിലെ വസതിയിൽ വാരാന്ത്യം ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്ന ബൈഡൻ അവയെല്ലാം റദ്ദാക്കി വൈറ്റ്ഹൗസിൽ തിരിച്ചെത്തി. അമേരിക്കയിൽ ഇത്തരം ആക്രമണങ്ങൾക്ക് സ്ഥാനമില്ലെന്ന് ഡെലാവേറിലെ വസതിയിൽ ബൈഡൻ പറഞ്ഞു. ട്രംപിനെതിരായ ആക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി അപലപിക്കണം. ട്രംപ് സുരക്ഷിതാണെന്നു കേട്ടതിൽ ആശ്വാസമുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും തെരഞ്ഞെടുപ്പു റാലിയിൽ പങ്കെടുത്തവർക്കും വേണ്ടി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പരിക്ക് ഗുരുതരമല്ലെന്നത് ആശ്വാസകരമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. ട്രംപിനുവേണ്ടി പ്രാർഥിക്കുന്നതായി മുൻ സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ട്രംപ് പ്രസിഡന്റായിരിക്കേ രണ്ടു വട്ടം അദ്ദേഹത്തെ ഇംപീച്ച് ചെയ്യാനുള്ള നടപടികൾ പെലോസി എടുത്തിരുന്നു. ഡെമോക്രാറ്റിക് നേതാക്കളും മുൻ പ്രസിഡന്റുമാരുമായ ബറാക് ഒബാമയും ബിൽ ക്ലിന്റണും ട്രംപിനുവേണ്ടി പ്രാർഥിക്കുന്നതായി അറിയിച്ചു. ഡെമോക്രാറ്റുകൾക്ക് എതിരേ ആരോപണം പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള ഡെമോക്രാറ്റിക് നേതാക്കൾ ട്രംപിനെതിരേ അഴിച്ചുവിടുന്ന പ്രചാരണ ആക്രമണങ്ങളുടെ അനന്തരഫലമാണ് പെൻസിൽവേനിയയിലുണ്ടായ വധശ്രമമെന്ന ആരോപണവുമായി റിപ്പബ്ലിക്കൻ പാർട്ടിക്കാർ രംഗത്തുവന്നു. ബൈഡൻ ട്രംപിനെ ഏകാധിപതിയും ഫാസിസ്റ്റുമായിട്ടാണ് ചിത്രീകരിക്കുന്നതെന്ന് റിപ്പബ്ലിക്കൻ നേതാവ് ജെ.ഡി. വാൻസ് പറഞ്ഞു. ട്രംപിനെ ഏതു വിധേനയും തടയണമെന്ന മട്ടിലാണ് ബൈഡന്റെ പ്രചാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിനെ അഡോൾഫ് ഹിറ്റ്ലറുമായി നിരന്തരം താരതമ്യം ചെയ്തതിന്റെ ഫലമാണ് വെടിവയ്പെന്ന് മുൻ ഡെമോക്രാറ്റിക് നേതാവ് തുൾസി ഗബ്ബാർഡ് പറഞ്ഞു.
Source link