ചോദ്യമുനയിൽ സീക്രട്ട് സർവീസ്

വാഷിംഗ്ടൺ ഡിസി: ലോകം ഭരിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക സുരക്ഷാ വിഭാഗമാണ് സീക്രട്ട് സർവീസ്. ഭരണത്തിലിരിക്കുന്നതും ഭരണമൊഴിഞ്ഞതുമായ പ്രസിഡന്റുമാർക്ക് സുരക്ഷ നല്കുക എന്ന ഒറ്റ ചുമതലയേ സീക്രട്ട് സർവീസിനുള്ളൂ. ആ ഉത്തരവാദിത്വത്തിൽ അവർ പരാജയപ്പെടുന്ന ദൃശ്യങ്ങളാണ് ശനിയാഴ്ച വൈകുന്നേരം പുറത്തുവന്നത്. 43 വർഷം മുന്പ് പ്രസിഡന്റ് റൊണാൾഡ് റീഗനു നേർക്കുണ്ടായ വധശ്രമത്തിനുശേഷം അമേരിക്കയിൽ ഒരു രാഷ്ട്രീയ നേതാവ് ആക്രമിക്കപ്പെട്ടു. അതീവ സുരക്ഷയുള്ള ട്രംപിനു നേർക്കുണ്ടായ വധശ്രമം എല്ലാംകൊണ്ടും സീക്രട്ട് സർവീസിന്റെ പരാജയമാണെന്ന് വിലയിരുത്തപ്പെടുന്നു. ട്രംപ് പ്രസംഗിക്കുന്ന വേദിയിൽനിന്ന് 150 മീറ്ററിൽ താഴെ ദൂരമുള്ള കെട്ടിടത്തിനു മുകളിൽ യന്ത്രത്തോക്കുമായി അക്രമി കയറിപ്പറ്റിയതെങ്ങനെ എന്ന ചോദ്യമുയരുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വധിക്കുന്നതിനു മുന്പേ അക്രമിക്കു വെടിയുതിർക്കാൻ കഴിഞ്ഞത് ആശ്ചര്യകരമാണെന്നാണ് അമേരിക്കയിലെ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐയിലെ ഉദ്യോഗസ്ഥർ പറഞ്ഞത്. ട്രംപിനു നേർക്കുണ്ടായ വധശ്രമത്തെക്കുറിച്ചുള്ള വിശദീകരണം അമേരിക്കൻ ജനത ആവശ്യപ്പെടുന്നതായി ജനപ്രതിനിധിസഭയിലെ അന്വേഷണ സമിതിയായ ഓവർസൈറ്റ് കമ്മിറ്റി വ്യക്തമാക്കിക്കഴിഞ്ഞു. സീക്രട്ട് സർവീസ് മേധാവി കിംബർലി ചിയാറ്റിൽ 22ന് ഹാജരായി വിശദീകരണം നല്കാനാണ് കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. സീക്രട്ട് സർവീസും ആഭ്യന്തര സുരക്ഷാ വകുപ്പും എഫ്ബിഐയും ഉൾപ്പെടുന്ന സംഘമാണ് ട്രംപിനെതിരായ വധശ്രമം അന്വേഷിക്കുക. എഫ്ബിഐ ആണ് സംഘത്തിനു നേതൃത്വം നല്കുന്നത്.
Source link