ആരോപണത്തിൽ  ഉലഞ്ഞ് കോഴിക്കോട്ടെ പാർട്ടി

കോഴിക്കോട്: കോഴ വിഷയത്തിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഒന്നും അറിയില്ലെന്ന നിലപാട് സ്വീകരിച്ചെങ്കിലും ആരോപണം കോഴിക്കോട്ടെ സി.പി.എമ്മിനെ വലിയ രീതിയിൽ കുലുക്കിയിട്ടുണ്ട്. മലബാറിലെ കനത്ത തിരഞ്ഞെടുപ്പ് തോൽവിയിൽനിന്ന് എങ്ങനെ കരകയറുമെന്നറിയാതെ കുഴങ്ങിയിരിക്കുമ്പോഴാണ് പി.എസ്.സി അംഗത്വ നിയമനത്തിന്റെ പേരിലുയർന്ന കോഴ ആരോപണം. പാർട്ടി ഏരിയാ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടുളി 60 ലക്ഷം കോഴ ആവശ്യപ്പെടുകയും 22 ലക്ഷം രൂപ വാങ്ങുകയും ചെയ്‌തെങ്കിൽ ഉന്നത പാർട്ടി വൃത്തങ്ങളോ നേതാക്കളോ അറിയാതെ നടക്കില്ലെന്ന ആരോപണം ജില്ലയിലെ പല പ്രമുഖ നേതാക്കളെയും മുൾമുനയിൽ നിർത്തുന്നുണ്ട്. നിജസ്ഥിതി എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവന്നില്ലെങ്കിൽ കോഴിക്കോട്ടെ പാർട്ടിക്ക് വലിയ ദോഷമാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. അതേസമയം പി.എസ്.സി അംഗത്വ നിയമനത്തിന് കോഴ വാങ്ങിയ സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിശാൽ കല്ലാട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

അതിന്പ്രാപ്തിയുള്ള

നേതാവല്ല:പ്രമോദ്

കോഴിക്കോട്: ഒരാൾക്ക് പി.എസ്.സി അംഗത്വം വാങ്ങിനൽകാൻ മാത്രം വലിയ നേതാവല്ല താനെന്ന് സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രമോദ് കോട്ടൂളി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ആരിൽ നിന്നും പണം വാങ്ങിയില്ല. ഗൂഢാലോചന ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കട്ടെ. 2020ൽ എടുത്ത ലോൺ അടയ്ക്കാൻ കഴിയാതെ ജപ്തി നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഈ ആരോപണം. പാർട്ടി തന്നോട് വിശദീകരണം ആവശ്യട്ടിട്ടില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയ ചരിത്രം എനിക്കില്ല. 30 വർഷത്തോളമായി സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ്. ഇതുവരെ ഒരാളിൽ നിന്നും അനാവശ്യമായി പണം വാങ്ങിയിട്ടില്ലെന്നും പ്രമോദ് പറഞ്ഞു.


Source link

Exit mobile version