തനിക്കെതിരെ കേസിന് യൂണി. പണം: തിരിച്ചടയ്‌ക്കാൻ ഉത്തരവിട്ട് ഗവർണർ
തിരുവനന്തപുരം: ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തനിക്കെതിരേ കേസ് നടത്താൻ വൈസ് ചാൻസലർമാർ ചെലവാക്കിയ സർവകലാശാലകളുടെ 1.13കോടി രൂപ തിരിച്ചടയ്ക്കാൻ ഗവർണറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഗവർണറുടെ സെക്രട്ടറി എല്ലാ വിസി മാർക്കും നിർദ്ദേശം നൽകി.
നിയമനത്തിൽ അയോഗ്യത കണ്ടെത്തി ചാൻസലർ പുറത്താക്കിയത് ചോദ്യ ചെയ്താണ് വി.സിമാർ കോടതിയെ സമീപിച്ചത്. സ്വന്തം കേസിന് വാഴ്സിറ്റിയുടെ പണമെടുത്തതിന് നീതീകരണമില്ലെന്നും ധനദുർവിനിയോഗം ആണെന്നും ഗവർണർ വിലയിരുത്തി.
വി.സിമാരായിരുന്ന ഗോപിനാഥ് രവീന്ദ്രൻ (കണ്ണൂർ)- 69ലക്ഷം, റിജി ജോൺ (കുഫോസ്)- 36ലക്ഷം, എം.എസ്. രാജശ്രീ (സാങ്കേതികം)- 1.50ലക്ഷം, എം.കെ.ജയരാജ് (കാലിക്കറ്റ്)- 4.25ലക്ഷം, കെ.എൻ.മധുസൂദനൻ (കുസാറ്റ്)- 77,500, വി.അനിൽകുമാർ (മലയാളം)- 1ലക്ഷം, മുബാറക് പാഷ (ഓപ്പൺ)- 53,000 എന്നിങ്ങനെയാണ് പണം ചെലവിട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനം നൽകിയതിനെതിരായ ഹർജ്ജിയിൽ 8 ലക്ഷം രൂപ ചെലവാക്കി.
മന്ത്രി ആർ.ബിന്ദു നിയമസഭയിൽ വച്ച രേഖയുടെ അടിസ്ഥാനത്തിൽ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിലാണ് ഉത്തരവ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും മുതിർന്ന അഭിഭാഷകരാണ് വി.സിമാർക്കായി വാദിച്ചത്. കാലിക്കറ്റ് വിസി വെള്ളിയാഴ്ച്ച വിരമിക്കാനിരിക്കെയാണ് തുക തിരിച്ചടയ്ക്കാനുള്ള ഉത്തരവ്. കണ്ണൂർ വി.സി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ഗോപിനാഥ് രവീന്ദ്രന്റെ ബാധ്യത ഇപ്പോൾ പ്രവർത്തിക്കുന്ന ഡൽഹി ജാമിയ മിലിയ യൂണിവേഴ്സിറ്റിയെ അറിയിക്കും.
Source link