ഞങ്ങളുടെ വീട് പ്രണയവും ഒരുമയും നിറഞ്ഞതായിരിക്കും, ദാമ്പത്യജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനന്തും രാധികയും

മുംബയ്: ആഡംബരത്തിന്റെയും താരപ്പകിട്ടിന്റെയും സംഗീതരാവുകളുടെയും മേളമായിരുന്നു അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹം. രാജ്യമൊട്ടാകെ കാത്തിരുന്ന വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇതിനകം തന്നെ വിവാഹത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ അനന്തിന്റെയും രാധികയുടെയും മ​റ്റൊരു വീഡിയോയാണ് തരംഗമാകുന്നത്.

ദാമ്പത്യജീവിതത്തിൽ ഇരുവരും നിറവേറ്റാൻ പോകുന്ന കാര്യങ്ങൾ പറയുന്നതാണ് വീഡിയോ. അനന്തും രാധികയും വാഗ്ദ്ധാനങ്ങൾ എഴുതിയ കുറിപ്പുകൾ കൈമാറുന്നുണ്ട്. താൻ ഇനിമുതൽ താമസിക്കാൻ പോകുന്ന കുടുംബം സ്‌നേഹവും ഐക്യവും നിറഞ്ഞ സുരക്ഷിതമായ ഇടമായിരിക്കുമെന്ന് രാധിക വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം,രാധികയോടൊപ്പം അവരുടെ സ്വപ്നങ്ങൾ നിറഞ്ഞ വീട് നിർമ്മിക്കുമെന്ന് അനന്ദും വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.

‘ഞങ്ങളുടേത് വെറുമൊരു വീടായിരിക്കില്ല. അത് പ്രണയത്തിന്റെയും ഒരുമയുടെയും ഇടം കൂടിയായിരിക്കും. ഞങ്ങൾ എവിടെയായാലും ഒരുമിച്ചായിരിക്കും’ രാധിക പറഞ്ഞു. അതിനുമറുപടിയായി അനന്ത് പറഞ്ഞത്, രാധികാ, ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹത്താൽ നമ്മൾ അത്തരത്തിലുളള ഒരു വീട് നിർമിക്കും. നമ്മുടെ വീട് വെറുമൊരു ഇടമായിരിക്കില്ല. പ്രണയം നിറഞ്ഞതായിരിക്കും. നമ്മൾ എവിടെയായാലും അത് സ്‌നേഹത്തെ ബാധിക്കില്ലയെന്നായിരുന്നു.

അനന്തും രാധികയും 2017 മുതൽ പ്രണയത്തിലായിരുന്നു.മുംബയിലെ ജിയോ വേൾഡ് സെന്ററിലാണ് താരനിബിഡമായ വിവാഹച്ചടങ്ങ് നടന്നത്. വെളളിയാഴ്ച രാത്രി എട്ട് മണിയോടെ വധൂവരന്മാർ പരസ്‌പരം ഹാരങ്ങൾ ചാർത്തി. ഒമ്പതരയ്ക്ക് ഹോമകു‌ണ്ഠത്തിന് ഏഴ് പ്രദക്ഷിണം ചെയ്യുന്ന ഫേരാ ചടങ്ങും നടന്നു.

കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ശുഭ് ആശിർവാദ് വിരുന്ന് ഇന്നും ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മംഗൾ ഉത്സവ് നാളെയും നടക്കും. ഇന്ന് മുംബയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. 15ന് റിലയൻസ് ജീവനക്കാർക്കായി വിരുന്നൊരുക്കും.


Source link
Exit mobile version