തിരുവനന്തപുരം: ക്യാൻസർ പ്രതിരോധ രംഗത്ത് വിപ്ളവകരമായ കണ്ടുപിടിത്തം നടത്തിയ മലയാളി ഗവേഷകൻ നേതൃത്വം നൽകുന്ന സ്റ്റാർട്ട് അപ്പ് കമ്പനിക്ക് 60 കോടി രൂപയുടെ ഫണ്ടിംഗ്. എറണാകുളം വൈറ്റില സ്വദേശി അശ്വിൻ നന്ദകുമാർ (29), ചെന്നൈ സ്വദേശി അശ്വിൻ ജയനാരായണൻ (27) എന്നിവരുടെ സ്‌റ്റാർട്ട് അപ്പ് കമ്പനിയായ ഗ്രാൻസ ബയോയ്‌ക്കാണ് 7.14 മില്യൺ യു.എസ് ഡോളർ (60 കോടി രൂപ) സീഡ് ഫണ്ടിംഗ് ലഭിച്ചിരിക്കുന്നത്.
ശരീരത്തിലെ പ്രതിരോധ കോശങ്ങളെ തകർത്താണ് ക്യാൻസർ അടക്കമുള്ള മഹാമാരികൾ മനുഷ്യജീവനെടുക്കുന്നത്.
പ്രതിരോധ കോശങ്ങളുടെ അസാന്നിദ്ധ്യത്തിൽ എങ്ങനെ പ്രതിരോധ ശേഷി നേടാം എന്ന ഗവേഷണത്തിലാണ് ഇവർ വിജയം കൈവരിച്ചത്. ഇനി ഇതിന്റെ മരുന്ന് വികസിപ്പിക്കുന്ന ദൗത്യമാണ്. ഓക്‌സ്ഫോർഡിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്‌കോയിൽ മറ്റൊരു ലാബ് കൂടി ആരംഭിക്കും.
അമേരിക്കൻ സ്‌റ്റാർട്ട് അപ്പ് ആക്‌സിലറേറ്റർ വൈ കോംബിനേറ്റർ വഴി 12 ദിവസം കൊണ്ടാണ് ഇവർ ഭാവി പദ്ധതിക്ക് തുക സമാഹരിച്ചത്. ഇരുവരെയും കൂടാതെ ഓക്‌സ്ഫോർഡിലെ പ്രൊഫസർ കൂടിയായ മൈക്കൽ ഡസ്‌റ്റിനും കമ്പനിയുടെ ഭാഗമാണ്. അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലാണ് കമ്പനി ആസ്ഥാനം.
ആസ്‌ട്രാ സെനക്കയിൽ നിന്നടക്കമുള്ള ജാേലി വാഗ്ദാനം നിരസിച്ച അശ്വിൻ, 2024 ജനുവരിയിലാണ് ഗ്രാൻസോ ബയോ സ്ഥാപിച്ചത്. മാർച്ചിൽ ധനസമാഹരണം ആരംഭിച്ചു. 200ൽ അധികം നിക്ഷേപകരാണ് താത്പര്യം പ്രകടിപ്പിച്ചത്. ഫെലിസിസ്, റീഫാക്‌ടർ ക്യാപിറ്റൽ തുടങ്ങിയ ആഗോളഭീമന്മാരാണ് നിക്ഷേപകർ.
ഹൈക്കോടതിയിലെ അഭിഭാഷകനായ പി. നന്ദകുമാർ മേനോന്റെയും സിന്ധുവിന്റെയും മകനാണ് അശ്വിൻ നന്ദകുമാർ.
പ്രോട്ടീൻതെറാപ്പിയിലൂടെ
ക്യാൻസർ കോശങ്ങളെ തകർക്കും
രോഗങ്ങളെ തകർക്കാൻ പ്രതിരോധ കോശങ്ങൾ ആർജിക്കുന്ന ആയുധമായ ‘ആക്രമണ കണങ്ങൾ’ (അറ്റാക്ക് പാർട്ടിക്കിൾസ്) പ്രോട്ടീൻ തെറാപ്പി പ്രക്രിയയിലൂടെ ഇവർ കണ്ടെത്തി. പ്രതിരോധ കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ, ഇതേ ആയുധം മനുഷ്യശരീരത്തിലേക്ക് കടത്തിവിട്ട് ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നതാണ് സാങ്കേതിക വിദ്യ. ഇതിനുള്ള പേറ്റന്റും ഗ്രാൻസ ബയോ നേടിക്കഴിഞ്ഞു.ഇഞ്ചക്ഷൻ രൂപത്തിലായിരിക്കും മരുന്ന് വികസിപ്പിക്കുക.
`മൂന്നോ നാലോ വർഷത്തിനുള്ളിൽ ക്ളിനിക്കൽ ട്രയൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.’
-അശ്വിൻ നന്ദകുമാർ
Source link